സൗദിയില്‍ നിന്നും കെ.എം.സി.സി ചാര്‍ട്ട് ചെയ്യുന്ന ആദ്യ വിമാനം നാളെ റിയാദില്‍ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടുമെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. 181 യാത്രക്കാരുമായാണ് സ്പൈസ് ജെറ്റിന്റെ ബോയിംഗ് വിമാനം നാളെ വൈകുന്നേരം യാത്ര തിരിക്കുക. യാത്രക്കുള്ള എല്ലാ അനുമതികളും ഇതിനകം പൂര്‍ത്തിയായതായും സംഘാടകര്‍ പറഞ്ഞു.
റിയാദില്‍ നിന്നുള്ള ആദ്യ ചാര്‍ട്ടേഡ് വിമാനമാണ് നാളെ യാത്ര തിരിക്കുക. കെ.എം.സി.സിയാണ് പ്രത്യേക വിമാനം ചാര്‍ട്ട് ചെയതിരിക്കുന്നത്. സ്പൈസ് ജെറ്റിന്റെ ബോയിംഗ് എഴുനൂറ്റിമുപ്പത്തിയേഴാം നമ്പര്‍ വിമാനമാണ് യാത്രക്ക് ഉപയോഗിക്കുക.
പ്രാദേശിക സമയം വൈകിട്ട് 5.30നാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിക്ക് കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിച്ചേരും. എംബസിയില്‍ പേര് രജിസ്റ്റര്‍ ചെയതവരില്‍ നിന്ന് മുന്‍ഗണനാ ക്രമത്തില്‍ ഗര്‍ഭിണികളെയും രോഗികളെയും ഉള്‍പ്പെടുത്തിയാണ് ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. കെ.എം.സി.സി ഇതിനായി പ്രത്യേക രജിസ്ട്രേഷന് സ്വീകരിച്ചാണ് അന്തിമ പട്ടിക തയ്യാറാക്കിയത്. യാത്രക്കുള്ള കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെയും ഇന്ത്യന്‍ എംബസിയുടെയും അന്തിമ അനുമതി ലഭിച്ചതായി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി.പി മുസ്ഥഫ പറഞ്ഞു.