ഇന്ത്യന്‍ ക്രിക്കറ്റില്‍ രണ്ട് ക്യാപ്റ്റന്മാര് വാഴില്ലെന്ന പ്രവചനവുമായി മുന്‍ ഇംഗ്ലീഷ് ക്രിക്കറ്റ് താരം നാസര്‍ ഹുസൈന്. ഒന്നും വിട്ടുകൊടുക്കാന്‍ തയ്യാറാവുന്നതല്ല വിരാട് കോഹ്ലിയുടെ സ്വഭാവമെന്ന് ചൂണ്ടിക്കാണിച്ചാണ് ഇന്ത്യയില്‍ രണ്ട് ഫോര്‍മാറ്റുകള്‍ക്ക് രണ്ട് ക്യാപ്റ്റന്മാര് സാധ്യതയില്ലെന്ന് നാസര്‍ ഹുസൈന് പറഞ്ഞത്.
കോവിഡിനെ തുടര്‍ന്നാണ് പരിമിത ഓവര്‍ മത്സരങ്ങള്‍ക്കും ടെസ്റ്റിനും വ്യത്യസ്ത ടീമുകളെ അവതരിപ്പിക്കുകയെന്ന ആശയം കൂടുതല്‍ ചര്‍ച്ചയായത്. ഇത് സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ നടന്നതായി ബി.സി.സി.ഐ സൂചന നല്‍കിയിരുന്നു. ഇംഗ്ലണ്ടിന്റേയും ആസ്ട്രേലിയയുടേയും ക്രിക്കറ്റ് ബോര്‍ഡുകളും നേരത്തെ തന്നെ ഇത് പരീക്ഷിച്ചിരുന്നു.
അതേസമയം വ്യത്യസ്ഥ ഫോര്‍മാറ്റുകള്‍ക്ക് വ്യത്യസ്ത പരിശീലകന് ഇന്ത്യയിലും ലോകക്രിക്കറ്റിലും സൂപ്പര്‍ഹിറ്റാകാന്‍ സാധ്യതയുണ്ടെന്നും നാസര്‍ ഹസൈന് പറഞ്ഞു. ഇത് പരിശീലകരുടെ ജോലിഭാരം കുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇംഗ്ലണ്ടില്‍ സ്പ്ലിറ്റ് ക്യാപ്റ്റന്‍സി വിജയിക്കാന്‍ കാരണം മോര്‍ഗന്റേയും ജോ റൂട്ടിന്റേയും ശാന്ത സ്വഭാവമാണ്. എന്നാല്‍ കോഹ്ലിയുടെ സ്വഭാവം വ്യത്യസ്തമാണെന്നും എല്ലാറ്റിലും നിറഞ്ഞു നില്ക്കാന് ആഗ്രഹിക്കുന്ന അദ്ദേഹം ക്യാപ്റ്റന്‍ സ്ഥാനം വിട്ടുകൊടുക്കുമെന്ന് തോന്നുന്നില്ലെന്നുമാണ് ഹര്‍ഷ് ബോഗ്ലെയോട് നാസിര്‍ ഹുസൈന് പറഞ്ഞത്.
വ്യത്യസ്ഥ ഫോര്‍മാറ്റുകള്‍ക്ക് വ്യത്യസ്ത ടീമുകളെ അവതരിപ്പിച്ചാല്‍ ഒരേ സമയം വ്യത്യസ്ത പരമ്പരകളില്‍ ടീമിന് കളിക്കാനാകുമെന്ന പ്രതീക്ഷയുമുണ്ട്. പരിമിത ഓവര്‍ മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തുന്ന രോഹിത്ത് ശര്‍മ്മയെ ക്യാപ്റ്റനാക്കുകയും ടെസ്റ്റില്‍ വിരാട് കോഹ്ലി തുടരുകയും ചെയ്യുകയെന്ന നിര്‍ദേശമാണ് ഉയര്‍ന്നുവരാന്‍ സാധ്യത. നേരത്തെ ഇത്തരം ചര്‍ച്ചകളുണ്ടായെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ബി.സി.സി.ഐ പ്രസിഡന്റ് ഗാംഗുലി തന്നെ ഇക്കാര്യങ്ങള്‍ തള്ളിക്കളഞ്ഞു.