അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന പ്രതിദിന വാര്‍ത്താസമ്മേളം പാതിവഴിയില്‍ ഉപേക്ഷിച്ചു. ഏഷ്യന്‍ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തില്‍ പ്രകോപിതനായ ട്രംപ് വാര്‍ത്താസമ്മേളനം അവസാനിപ്പിക്കുകയായിരുന്നു. സി.ബി.എസ് ന്യൂസ് റിപ്പോര്‍ട്ടറായ വെയ്ജിയ ജിയാങുമായി തര്‍ക്കിച്ചതിന് പിന്നാലെയാണ് ട്രംപ് പൊടുന്നനെ വാര്‍ത്താസമ്മേളനം അവസാനിപ്പിച്ചത്.
കോവിഡ് ബാധിച്ച് അമേരിക്കക്കാരുടെ ജീവന് നഷ്ടപ്പെടുമ്പോള്‍ കോവിഡ് പരിശോധനകളില്‍ അമേരിക്ക മറ്റു രാജ്യങ്ങളേക്കാള്‍ മുന്നിലാണെന്ന് പ്രസിഡന്റ് ആവര്‍ത്തിക്കുന്നതില്‍ എന്തുകാര്യമെന്നായിരുന്നു മാധ്യമപ്രവര്‍ത്തകയുടെ ചോദ്യം. ലോകത്ത് എല്ലായിടത്തും മരണങ്ങളുണ്ടാകുന്നുണ്ടെന്നും ഈ ചോദ്യം നിങ്ങള്‍ എന്നോടല്ല ചൈനയോടാണ് ചോദിക്കേണ്ടതെന്നുമായിരുന്നു ട്രംപിന്റെ മറുപടി.
തനിക്കെതിരായ വംശീയ പരാമര്ശമാണിതെന്ന സൂചനയില്‍, എന്തുകൊണ്ടാണ് എന്നോട് പ്രത്യേകമായി ഇങ്ങനെ മറുപടി നല്‍കുന്നതെന്ന് വെയ്ജിയ ജിയാങ് തിരിച്ചു ചോദിച്ചു. മോശം ചോദ്യങ്ങള്‍ ചോദിക്കുന്ന ആരോടും എന്റെ മറുപടി ഇങ്ങനെയാണെന്നായിരുന്നു ട്രംപിന്റെ വിശദീകരണം.
തുടര്‍ന്ന് മറ്റൊരു വനിതാ റിപ്പോര്‍ട്ടറെ ചോദ്യം ചോദിക്കാന്‍ ട്രംപ് കൈകൊണ്ട് ആംഗ്യം കാണിച്ചു. അവര്‍ ചോദ്യം ചോദിക്കാന്‍ ശ്രമിച്ചപ്പോള്‍ നിങ്ങളെയല്ല ഉദ്ദേശിച്ചതെന്നായി ട്രംപ്. തനിക്കു നേരെയാണ് പ്രസിഡന്റ് വിരല്‍ ചൂണ്ടിയതെന്നും രണ്ട് ചോദ്യങ്ങള്‍ ചോദിക്കാനുണ്ടെന്നും മാധ്യമപ്രവര്‍ത്തക പറഞ്ഞതോടെ ട്രംപ് എല്ലാവര്ക്കും ഔപചാരികമായി നന്ദി പറഞ്ഞ് ഏകപക്ഷീയമായി വാര്‍ത്താസമ്മേളനം അവസാനിപ്പിക്കുകയായിരുന്നു.
വൈകാതെ ട്വിറ്ററില്‍ വെയ്ജിയ ജിയാങിന് അനുകൂലമായി #StandWithWeijiaJiang എന്ന ടാഗ് വൈറലാവുകയും ചെയ്തു. സി.എന്‍.എന്‍ റിപ്പോര്‍ട്ടര്‍ ഏപ്രില്‍ റയാന് അടക്കമുള്ളവര്‍ വെയ്ജിയക്ക് അനുകൂലമായി ട്വീറ്റു ചെയ്യുകയും ചെയ്തിട്ടുണ്ട്. ഏപ്രിലും നേരത്തെ ട്രംപിന്റെ സമാനമായ അധിക്ഷേപത്തിന് ഇരയായിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ളതും കോവിഡ് മരണങ്ങള് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുള്ളതും അമേരിക്കയില്‍ നിന്നാണ്. ഇതുവരെ 13 ലക്ഷത്തിലേറെ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച അമേരിക്കയില്‍ 80000ത്തിലേറെ പേര്‍ക്കാണ് ജീവന് നഷ്ടമായത്.