മാസങ്ങളായി ഫുട്ബോള്‍ ലോകത്തു നിന്നും വരുന്ന ട്രാന്‍സ്ഫര്‍ വാര്‍ത്തയാണ് നെയ്മറുടേത്. ബാഴ്സലോണയിലേക്ക് നെയ്മറെ തിരിച്ചെത്തിക്കാന്‍ മെസി അടക്കമുള്ളവര്‍ സമ്മര്‍ദം ചെലുത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ നൗകാമ്പിലേക്ക് തിരിച്ചെത്താന്‍ വന്‍ വിട്ടുവീഴ്ച്ചക്ക് നെയ്മര്‍ തന്നെ തയ്യാറായെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. പി.എസ്.ജിയില്‍ നിന്നും ബാഴ്സലോണയിലേക്ക് മടങ്ങാനായി പ്രതിഫലത്തിന്റെ 50 ശതമാനം കുറക്കാന്‍ നെയ്മര്‍ തയ്യാറായതായെന്നാണ് സ്പാനിഷ് സ്പോര്‍ട്സ് ഡെയ്ലിയായ മുണ്ടോ ഡിപോര്‍ട്ടിവോ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്.
നിലവില്‍ ആഴ്ചയില്‍ ആറ് ലക്ഷം പൗണ്ട് ആണ് നെയ്മറുടെ പി.എസ്.ജിയിലെ പ്രതിഫലം. ഇത് ബാഴ്സലോണയില്‍ മൂന്ന് ലക്ഷം പൗണ്ടാക്കി കുറക്കാനുള്ള സന്നദ്ധത നെയ്മര്‍ അറിയിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. നെയ്മര്‍ അടക്കമുള്ള പി.എസ്.ജി താരങ്ങള്‍ കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് പ്രതിഫലം വെട്ടിക്കുറക്കാന്‍ സമ്മതിച്ചിരുന്നില്ല.