കോവിഡ് വ്യാപനത്തിന് കാരണക്കാരെന്ന നിലയില്‍ നിരന്തരമായി ചൈനയെ കടന്നാക്രമിച്ചിരുന്ന യു.എസിന് മറുപടിയുമായ് ചൈനയുടെ ആനിമേഷന്‍ വീഡിയോ. കോവിഡ് വ്യാപനവുമായ് ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിലായി ഡൊണാള്‍ഡ് ട്രംപ് ചൈനയെ നിരന്തരം കുറ്റപ്പെടുത്തി സംസാരിച്ചിരുന്നു. ഒടുവില്‍ സാക്ഷാല്‍ ട്രംപിനെ പരിഹസിച്ച് കൊണ്ട് ഹ്രസ്വ വീഡിയോയുമായ് രംഗത്തെത്തിയാണ് ചൈന യു.എസിന് മറുപടി കൊടുത്തത്.
‘ഒരിക്കല്‍ ഒരു വൈറസ്’ എന്ന് പേരിട്ടിരിക്കുന്ന ആനിമേഷന്‍ വീഡിയോയാണ് ചൈന പുറത്തിറക്കിയത്. ബെയ്ജിങ്ങില്‍ നിന്നുള്ള മുന്നറിയിപ്പിനെ അവഗണിച്ചതാണ് അമേരിക്കയില്‍ രോഗം ഇത്ര രൂക്ഷമായ് ബാധിക്കാന്‍ കാരണമെന്ന് വീഡിയോയയിലൂടെ ചൈന പരിഹസിക്കുന്നുണ്ട്. ഫ്രാന്‍സിലെ ചൈനീസ് എംബസിയാണ് ഇത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ഇതോടെ നവ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരിക്കുകയാണ് വീഡിയോ.
കോവിഡ് വ്യാപനത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളാണ് ചൈന ഈ വീഡിയോയിലൂടെ കാണിക്കുന്നത്. ചൈനയും അമേരിക്കയും പരസ്പരം വൈറസിനെ കുറിച്ച് തര്‍ക്കിക്കുന്നതാണ് ഹ്രസ്വ വീഡിയോയുടെ ഉള്ളടക്കം. ജനുവരിയില്‍ തന്നെ വൈറസ് വ്യാപനത്തിന്റെ കാര്യം ലോകത്തെ അറിയിച്ചിരുന്നുവെന്നും അമേരിക്ക അത് മുഖവിലക്കെടുത്തില്ലെന്നും വീഡിയോയില്‍ പറയുന്നു. ചൈന ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ യു.എസ് ഇതിനെ ‘കാടത്തം’ എന്നാണ് വിശേഷിപ്പിച്ചത്. ചൈന മനുഷ്യാവകാശ ലംഘനം നടത്തുകയാണെന്ന് യു.എസ് ആരോപിക്കുന്നതും വീഡിയോയിലുണ്ട്.
ഒരു മിനുട്ട് 39 സെക്കന്‍ഡാണ് ഈ വീഡിയോയുടെ ദൈര്‍ഘ്യം. വീഡിയോയില്‍ സൂചിപ്പിക്കുന്നത് പോലെ ചൈന മുന്നറിയിപ്പ് നല്‍കിയെന്ന് പറയുന്നത് വ്യാജമാണെന്നും, തെറ്റിദ്ധാരണ ജനിപ്പിക്കുകയാണെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ഈ വീഡിയോ കൊണ്ട് നഷ്ടമുണ്ടാവുക ചൈനയ്ക്ക് തന്നെയാണെന്ന് മറ്റു ചിലരും വാദം നിരത്തി. പക്ഷേ ട്രംപ് ആരോപിച്ചത് പോലെ ലാബില്‍ ഉണ്ടാക്കിയതല്ല വൈറസെന്ന അഭിപ്രായവുമായ് ലോകാരോഗ്യ സംഘടനയും രംഗത്ത് വന്നിട്ടുണ്ട്.