സാനറ്റൈസര്‍ ഉപയോഗിച്ച് മദ്യം നിര്‍മ്മിച്ച് വിറ്റയാളെ പൊലീസ് അറസ്റ്റു ചെയ്തു. മധ്യപ്രദേശിലെ റൈസന്‍ ജില്ലയിലാണ് ഹാന്‍ഡ് സാനറ്റൈസറും വെള്ളവും കലര്‍ത്തി ഇന്ദാല് സിങ് രജ്പുത്(32) എന്നയാള്‍ മദ്യം നിര്‍മ്മിച്ചത്. നാല് ലിറ്റര്‍ പ്രാദേശിക മദ്യവും ഒരു ലിറ്റര്‍ സാനറ്റൈസറും ഇയാളില്‍ നിന്നും പൊലീസ് കണ്ടെടുത്തു.
പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് മോട്ടോര്‍ സൈക്കിളില്‍ പോവുകയായിരുന്ന ഇന്ദാല് സിങ് രജ്പുത്തിനെയാണ് പൊലീസ് പിടികൂടിയത്. ഇയാളെ നേരത്തെയും അനധികൃതമദ്യവില്പനയുടെ പേരില്‍ പൊലീസ് പിടികൂടിയിട്ടുണ്ട്. പ്രാദേശികമായി നിര്‍മ്മിക്കുന്ന മദ്യമായ മഹുവയും 72 ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയിട്ടുള്ള സാനറ്റൈസറുമാണ് ഇന്ദാല് സിങില്‍ നിന്നും കണ്ടെടുത്തത്. ഇയാള്‍ മഹുവയിലും സാനറ്റൈസര്‍ കലര്‍ത്തിയിരുന്നെന്ന് പൊലീസ് പറഞ്ഞു.
സാനറ്റൈസര്‍ അഞ്ചിരട്ടി വെള്ളത്തില്‍ കലര്‍ത്തിയാണ് മദ്യമെന്ന പേരില്‍ വിറ്റിരുന്നതെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി പൊലീസ് അറിയിച്ചു. 175മില്ലീലിറ്ററിന്റെ കുപ്പിക്ക് 200 രൂപയാണ് ഈടാക്കിയിരുന്നത്. അനധികൃത മദ്യവില്പനയുടെ എക്സൈസ് വകുപ്പിന് പുറമേ വിഷമദ്യവില്പന നടത്തിയതിന് 49എ വകുപ്പും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
ലോക്ഡൗണിനെ തുടര്‍ന്ന് മധ്യപ്രദേശിലേയും മദ്യശാലകള്‍ അടച്ചിട്ടിരിക്കുകയാണ്. ഹാന്‍ഡ് സാനറ്റൈസറിന്റെ ഉപയോഗം വര്‍ധിച്ചതോടെ സര്‍ക്കാര്‍ നിരവധി ഡിസ്റ്റിലറികള്‍ക്ക് സാനിറ്റൈസര്‍ നിര്‍മ്മാണത്തിന് അനുമതി നല്‍കിയിരുന്നു. 60ശതമാനത്തിലേറെ ആല്‍ക്കഹോള്‍ അടങ്ങിയ സാനറ്റൈസറുകളാണ് കൊറോണ വൈറസിനെ ഫലപ്രദമായി നശിപ്പിക്കുക. 200മില്ലിയുടെ ബോട്ടിലിന് 90 രൂപ നിരക്കിലാണ് വില്പന.
മദ്യത്തിന് പകരം സാനറ്റൈസര്‍ ഉപയോഗിക്കുന്നത് അപകടകരമാണ് നേരത്തെ തന്നെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അണുനാശിനികളായ സാനറ്റൈസര്‍ കുടിച്ചാല്‍ മരണം വരെ സംഭവിക്കാം. മഹാരാഷ്ട്രയിലെ സതാര ജില്ലയില്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് രണ്ട് പേര് സാനറ്റൈസര്‍ കുടിച്ച് മരിച്ചത്.