കേരളത്തിലെ അതിഥി തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ പ്രത്യേക ട്രെയിന്‍ സര്‍വീസിന് അനുമതി. ഇന്ന് വൈകിട്ട് ആലുവയില്‍ നിന്ന് ഭുവനേശ്വറിലേക്ക് ആദ്യ ട്രെയിന്‍ സര്‍വീസ് നടത്തും. നാളെ അഞ്ച് ട്രെയിനുകള്‍ ഉള്‍പ്പെടെ വരുംദിവസങ്ങളില്‍ കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കാനാണ് ആലോചന.
സംസ്ഥാനം ആവശ്യപ്പെട്ടത് പ്രകാരമാണ് വിവിധ സംസ്ഥാനങ്ങളിലേക്ക് സ്പെഷ്യല്‍ നോണ്‍ സ്റ്റോപ് ട്രെയിനുകള്‍ അനുവദിച്ചത്. പെരുമ്പാവൂരിലുള്ള ഒഡിഷക്കാരുമായി ആലുവയില്‍ നിന്ന് ഇന്ന് വൈകിട്ട് ആറ് മണിയോടെ ആദ്യ സര്‍വീസ്. ഒരു തീവണ്ടിയില്‍ 1200 പേര്. വളരെ രഹസ്യമായാണ് ഇവരുടെ പട്ടിക തയ്യാറാക്കിയത്. ബുക്കിങ്ങില്ലെങ്കിലും ബേസ് ഫെയര്‍ നല്‍കേണ്ടി വരും. മടക്കി അയക്കേണ്ടവരെ തീരുമാനിക്കേണ്ടതും സ്റ്റേഷനുകളില്‍ എത്തിക്കേണ്ടതും ജില്ലാ ഭരണകൂടത്തിന്റെ ചുമതലയാണ്. ക്രമസമാധാന പ്രശ്നങ്ങളില്ലെങ്കില്‍ നാളെ അഞ്ചും വരും ദിവസങ്ങളില്‍ കൂടുതല്‍ ട്രെയിനുകളും ഓടിക്കും. തിരക്ക് കൂട്ടരുതെന്നാണ് അതിഥി തൊഴിലാളികളോട് റെയില്‍വെയുടെ അഭ്യര്‍ഥന
ബിഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, അസം തുടങ്ങിയ സംസ്ഥാനങ്ങളിലേക്കാണ് അടുത്ത ദിവസങ്ങളില്‍ സര്‍വീസ് നടത്താന്‍ ഉദ്ദേശിക്കുന്നത്. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുമെന്ന് ഉറപ്പുവരുത്തും. അതാത് സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്ത് വരുന്നവര്‍ക്ക് ക്വാറന്റീന് സൌകര്യങ്ങള്‍ ഉറപ്പുവരുത്തിയ ശേഷമേ ഓരോ സര്‍വീസും ഉണ്ടാവുകയുള്ളൂ. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് തുടങ്ങി പ്രധാന റയില്‍വേ സ്റ്റേഷനുകളില്‍ നിന്ന് മാത്രമാവും സര്‍വീസ്.