സൂം ആപ്പിന് പുതിയ വെല്ലുവിളി നൽകി മെസഞ്ചർ റൂമിൽ മാറ്റങ്ങൾ അവതരിപ്പിച്ച് ഫേസ്ബുക്ക്. ഒരു സമയം 50 പേർക്ക് വരെ മസഞ്ചർ റൂമിലെ വീഡിയോ കോളിംഗിൽ പങ്കെടുക്കാം.
മാത്രമല്ല 360 ഡിഗ്രി ബാക്ക്ഗ്രൗണ്ടുകളും മെസഞ്ചർ റൂമിൽ അവതരിപ്പിക്കും. ഇത് വീഡിയോ കോളിംഗ് അനുഭവത്തെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകുമെന്ന് ഫേസ്ബുക്ക് അവകാശപ്പെടുന്നു. വെള്ളിയാഴ്ചയാണ് സ്ഥാപകൻ മാർക്ക് സക്കർബർഗ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്. ഫേസ്ബുക്കിന്റെ ഡേറ്റിംഗ് സർവീസിൽ ‘വർച്വൽ ഡേറ്റ്’ സംവിധാനവും ഒരുക്കുമെന്ന് മാർക്ക് കൂട്ടിച്ചേർത്തു.
ലോകമൊട്ടാകെ ലോക്ക്ഡൗണിലായ പശ്ചാത്തലത്തിൽ ഔദ്യോഗിക മീറ്റിംഗുകൾക്ക് മുതൽ ഉറ്റവരുമായി ബന്ധപ്പെടുന്നതിന് വരെ വീഡിയോ കോളിംഗ് സംവിധാനങ്ങളെ ആശ്രയിക്കുകയാണ് ജനം. ഒരുകാലത്ത് വാട്ട്സ് ആപ്പ് ആയിരുന്നു ജനങ്ങളുടെ ഇഷ്ട വീഡിയോ കോൡഗ് ആപ്പെങ്കിൽ ഇപ്പോൾ പ്രിയം സൂമിനോടാണ്.
നാല് പേരെ മാത്രമേ ഒരു സമയം വീഡിയോ കോൾ ചെയ്യാൻ സാധിക്കുകയുള്ളു എന്ന അപര്യാപതതയാണ് വാട്ട്സ് ആപ്പിന്റെ ശോഭ കെടുത്തുന്നത്. സൂമിലാകട്ടെ നൂറകണക്കിന് ആളുകളെ വീഡിയോ കോളിൽ കൊണ്ടുവരാം. ഇതിനെ തരണം ചെയ്യാൻ വാട്ട്സ് ആപ്പ് എട്ട് പേരെ ഒരു സമയം വീഡിയോ കോൾ ചെയ്യാനുള്ള അപ്ഡേറ്റ്റ് ബീറ്റാ വേർഷനിൽ അവതരിപ്പിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് മെസഞ്ചർ റൂമിൽ കൊണ്ടുവരുന്ന മാറ്റങ്ങളും.