ഗള്‍ഫിലുള്ള പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കേന്ദ്രം തയ്യാറെടുക്കുന്നു. പ്രവാസികളെ തിരിച്ചുകൊണ്ടുവരുന്നതിന് തയ്യാറാകാന്‍ എയ൪ ഇന്ത്യക്കും, ഇന്ത്യൻ നേവിക്കും വിദേശകാര്യ മന്ത്രാലയം നിര്‍ദേശം നല്കി. കടല്‍ മാര്‍ഗം എങ്ങനെ പ്രവാസികളെ നാട്ടിലെത്തിക്കാമെന്ന് നാവിക സേന അറിയിക്കണം. ഗൾഫ് രാഷ്ട്രങ്ങളിൽ കോവിഡ് പടരുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര നടപടി.
ഗൾഫ് രാജ്യങ്ങൾക്കൊപ്പം യുഎസിൽ നിന്നും യുറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും മറ്റും പ്രവാസികളെ ഇന്ത്യയിലേക്കു കൊണ്ടുവരാൻ നടപടി വേണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. പ്രത്യേക വിമാനങ്ങളിലോ നിർത്തിവച്ചതിൽ ചില സർവീസുകൾ താൽക്കാലികമായി അനുവദിച്ചോ ആവും യാത്രാ സൗകര്യമൊരുക്കുക. വിമാനക്കൂലി യാത്രക്കാർ നൽകേണ്ടി വന്നേക്കും. ലക്ഷക്കണക്കിന് ആളുകൾ മടങ്ങിവരാനുണ്ടാവും. അവർക്കെല്ലാം സൗജന്യയാത്ര അനുവദിക്കുക പ്രായോഗികമല്ലെന്നുമാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന.
കോവിഡ് വ്യാപനവും പ്രവാസികൾ കൂട്ടത്തോടെ എത്തുന്നതും മുന്നിൽ കണ്ട്, കോവിഡ് നിരീക്ഷണത്തിലാക്കേണ്ടവരെ താമസിപ്പിക്കാന്‍ കേരള സർക്കാർ തയ്യാറെടുത്തു. കേരളത്തിലുള്ളവരെയും പ്രവാസികളെയും ക്വാറന്റീനിൽ താമസിപ്പിക്കാൻ ഇന്നലെവരെ സർക്കാർ കണ്ടെത്തിയത് 2,39,642 കിടക്കകൾക്കുള്ള സ്ഥലം.
തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി സ്റ്റേഡിയവും ചന്ദ്രശേഖരന് നായർ സ്റ്റേഡിയവും എറണാകുളത്തെ ജവാഹർലാൽ നെഹ്റു സ്റ്റേഡിയവും കോഴിക്കോട് മെഡിക്കൽ കോളജ് സ്റ്റേഡിയവുമെല്ലാം സര്‍ക്കാര്‍ പട്ടികയിലുണ്ട്.