കര്‍ശന ഉപാധികളോടെ സ്പ്രിന്‍ക്ലര്‍ കരാറിന് ഹൈക്കോടതി അനുമതി നല്കി. വ്യക്തിഗത വിവരങ്ങളും ആളുകളെ തിരിച്ചറിയാന്‍ കഴിയുന്ന വിവരങ്ങളും സ്പ്രിന്‍ക്ലറിന് കൈമാറരുതെന്നും കോടതി വ്യക്തമാക്കി. ഇടക്കാല ഉത്തരവിലുടെയാണ് ഹൈക്കോടതി നടപടി. സ്വകാര്യതാ ലംഘനമുണ്ടായാല്‍ വിലക്കും, വാണിജ്യ ആവശ്യങ്ങള്‍ക്ക് ഡാറ്റ ഉപയോഗിക്കരുത്, വിവരശേഖരണത്തിന് വ്യക്തികളുടെ സമ്മതപത്രം വാങ്ങണമെന്നും കോടതി വ്യക്തമാക്കി. മൂന്നാഴ്ചക്ക് ശേഷം ഹരജികള്‍ വീണ്ടും പരിഗണിക്കും.
സ്പ്രിങ്ക്ളര്‍ കരാര്‍ റദ്ദാക്കണമെന്നത് അടക്കമുള്ള ഹരജികളാണ് കോടതി പരിഗണിച്ചത്. സ്പ്രിന്‍ക്ലര്‍ ഇടപാട് സംബന്ധിച്ച് വസ്തുതകള്‍ മൂടിവെക്കാന്‍ ശ്രമിക്കരുതെന്ന് കോടതി വ്യക്തമാക്കിയിരുന്നു. കാര്യങ്ങളെ സര്‍ക്കാര്‍ ലാഘവത്തോടെ കാണരുത്, ഡാറ്റ ശേഖരിക്കുന്നതിന് ഇന്ത്യന്‍ കമ്പനികളെ എന്തുകൊണ്ട് സമീപിച്ചില്ലെന്നും കോടതി ചോദിച്ചു. എന്നാല്‍ സ്പ്രിന്‍ക്ലര്‍ സൗജന്യ സേവനം നൽകാൻ തയാറായെന്നും അടിയന്തര സാഹചര്യത്തിലാണ് സ്പ്രിന്‍ക്ലറിനെ സമീപിച്ചതെന്നുമായിരുന്നു സർക്കാർ കോടതിയെ അറിയിച്ചിരുന്നത്.
കേസിൽ കക്ഷിചേർക്കപ്പെട്ട രമേശ് ചെന്നിത്തല, സി.ആർ. നീലകണ്ഠൻ, ഐടി വിദഗ്ധൻ തുടങ്ങിയവരുടെ വാദത്തിനു ശേഷം സർക്കാർ അഭിഭാഷക വാദം തുടരുന്നതിനിടെയാണ് സർക്കാർ നടപടിക്കെതിരെയുള്ള കോടതിയുടെ പരാമർശമുണ്ടായിരുന്നത്.