സൗദിയില്‍ നിന്ന് സ്വന്തം നാടുകളിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന കാല്‍ലക്ഷം പേരുടെ അപേക്ഷ ലഭിച്ചതായി മാനവവിഭവശേഷി മന്ത്രാലയം. സൌദിയില്‍ തൊഴില്‍ കരാറുകള്‍ അവസാനിച്ചും ഫൈനല്‍ എക്സിറ്റ് നേടിയും നാട്ടില്‍ പോകാനാകാതെ കുടുങ്ങിയവര്‍ക്ക് സ്വദേശത്തേക്ക് മടങ്ങാനായി സൌദി അറേബ്യ പ്രഖ്യാപിച്ച പ്രത്യേക യാത്രാ സൌകര്യമാണിത്. ഇതുവരെ കാല്‍ലക്ഷം അപേക്ഷകള്‍ ലഭിച്ചു. അപേക്ഷകള്‍ വരും ദിനങ്ങളിലും സ്വീകരിക്കും. അപേക്ഷകള്‍ പരിശോധിച്ച ശേഷമായിരിക്കും നടപടിയെടുക്കുക. സ്വന്തം നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് സൌദി എയര്‍ലൈന്‍സിന്റെ വിമാനത്തിലാണ് എത്തിക്കുക. സ്വന്തം കന്പനികള്‍ വഴിയാണ് അപേക്ഷ നല്‍കേണ്ടത്.
ഓരോ കന്പനിയില്‍ നിന്നും ഒന്നിച്ച് തിരിച്ചയക്കേണ്ടവരുടെ പട്ടിക ഓരോ രണ്ടാഴ്ചയിലും ഒരു തവണയാണ് നല്‍കേണ്ടത്. വിദേശത്തേക്ക് എക്സിറ്റിന് പുറമെ റീഎന്‍ട്രിയിലും ആവശ്യമുള്ളവര്‍ക്ക് പോകാമെന്ന് ചില കമ്പനികള്‍ക്ക് അറിയിപ്പ് ലഭിച്ചിട്ടുണ്ട്. നാട്ടിലേക്കയക്കുന്നവരെ സൌദിയിലെ കോവിഡ് പൂര്‍ണമായും ഭേദമാകുന്ന മുറക്കാകും തിരിച്ചെത്താന്‍ അനുവദിക്കുക എന്ന് ജവാസാത്ത് വിഭാഗം അഥവാ പാസ്പോര്‍ട്ട് വിഭാഗം ട്വീറ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഫിലിപ്പൈന്‍സിലേക്ക് ഇത്തരത്തില്‍ ആദ്യ വിമാനം പറന്നിരുന്നു. ജിദ്ദയില്‍ നിന്നും റിയാദിലെത്തിച്ച് മതിയായ പരിശോധന പൂര്‍ത്തിയാക്കിയാണ് ഫിലിപ്പൈന്‍സിലേക്ക് വിമാനം പറന്നത്. മാനവവിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലെ പ്രത്യേക പദ്ധതി പ്രകാരമാണിത്.
ഇന്ത്യയും പാകിസ്താനും ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് മെയ് ആദ്യവാരത്തില്‍ ഈ രീതിയില്‍ വിമാന സര്‍വീസുണ്ടാകുമെന്ന് ചില കമ്പനികള്‍ക്ക് അറിയിപ്പ് ലഭിച്ചിട്ടുണ്ട്. എന്നാല്‍ വിമാനമിറങ്ങാന്‍ ഇന്ത്യ കൂടി അനുവദിച്ചാല്‍ മാത്രമേ ഇത് സാധിക്കൂ. ഓരോ തൊഴിലാളിയുടേയും കമ്പനിയാണ് ഇതിനുള്ള അപേക്ഷ മാനവവിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയത്തിന് സമര്‍പ്പിക്കേണ്ടത്. എല്ലാ രാജ്യങ്ങളിലേക്കും യാത്രാ സൌകര്യം ഒരുക്കും. ഫൈനല്‍ എക്സിറ്റ് ലഭിച്ചവര്‍ക്കും നല്കാന് ഉദ്ദേശിക്കുന്നവരേയും കന്പനികള്‍ക്ക് ഇതുവഴി നാട്ടിലേക്കയക്കാം.
ഫൈനല്‍ എക്സിറ്റ് കരസ്ഥമാക്കിയതിന്റെ രേഖ, തൊഴിലാളിക്ക് എല്ലാ ആനുകൂല്യങ്ങളും നല്‍കിയതിന്റെ രേഖ, കോവിഡ് 19 പശ്ചാത്തലത്തില്‍ ആരോഗ്യമന്ത്രാലയത്തിന്റെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, നിശ്ചയിച്ച തിയതിയിലേക്ക് തൊഴിലാളിക്കായി കമ്പനി എടുത്ത ടിക്കറ്റ് എന്നിവയാണ് അപേക്ഷക്കൊപ്പം സമര്‍പ്പിക്കേണ്ടത്. അപേക്ഷ നല്കി അഞ്ചു ദിവസത്തിനുളളില്‍ രേഖകള്‍ പരിശോധിച്ച് മന്ത്രാലയം അന്തിമ തീരുമാനമെടുക്കും. അപേക്ഷ സ്വീകരിക്കുകയോ തള്ളുകയോ ചെയ്യും.