ലോക്ഡൌണ് കാലത്തെ വുഹാന്‍ ജീവിതത്തെക്കുറിച്ച് ഓണ്‍ലൈന്‍ ഡയറിയിലൂടെ ലോകത്തെ അറിയിച്ച എഴുത്തുകാരിക്ക് വധഭീഷണി. വുഹാന്‍ സ്വദേശിയായ ഫാങ് ഫങ്(64)നെതിരെയാണ് സൈബര്‍ ആക്രമണവും വധഭീഷണിയും.
2010-ൽ ചൈനയിലെ വിഖ്യാത സാഹിത്യപുരസ്കാരം നേടിയ എഴുത്തുകാരിയാണിവർ. ഡയറിക്കുറിപ്പുകൾ ലോകത്തിന്റെ മുന്നിൽ ചൈനയുടെ മുഖം വികൃതമാക്കിയെന്നാണ് വിമർശകരുടെ ആരോപണം. കോവിഡ് 19ന്റെ പ്രഭവകേന്ദ്രമായിരുന്നു വുഹാന്‍. ഇവിടെ നിന്നാണ് വൈറസ് പൊട്ടിപ്പുറപ്പെട്ടതെന്ന് കരുതുന്നത്. 2019 ഡിസംബറിലാണ് ഇവിടെ രോഗബാധ കണ്ടെത്തിയത്. ജനുവരി 23-ഓടെ സമ്പൂർണ ലോക്ഡൗൺ നടപ്പാവുകയും ചെയ്തു. ആ ദിവസങ്ങളിൽ ജീവിതത്തിലാദ്യമായി ഒറ്റപ്പെട്ടു പോയ ജനങ്ങളുടെ ഭയവും ദേഷ്യവും ആശങ്കകളുമാണ് ഫാങ് കുറിപ്പുകളാക്കിയത്. രോഗികളാൽ തിങ്ങിനിറഞ്ഞ ആശുപത്രികളും മാസ്കിന്റെ ലഭ്യതയില്ലായ്മയും ഉറ്റവരില്ലാതെ അന്ത്യയാത്രയ്ക്കൊരുങ്ങിയ ബന്ധുക്കളെ കുറിച്ചും ലോകമറിഞ്ഞു. 60 കുറിപ്പുകളിലൂടെയാണ് ഫാങ് ഇക്കാര്യങ്ങള്‍ ലോകത്തെ അറിയിച്ചത്.
സോഷ്യല്‍ മീഡിയ വഴിയാണ് വധഭീഷണികള്‍ മിക്കതും ലഭിച്ചിരിക്കുന്നത്. ട്വിറ്ററിനു സമാനമായ വീബോ ആണ് ചൈനയിലെ ജനകീയ സമൂഹമാധ്യമം. വൂഹാനിലെ ജനങ്ങളുടെ വിവരങ്ങൾ ചോർത്തിയതു വഴി ഫാങിന് വൻ തുക ലഭിച്ചതായും ചിലർ ആരോപിച്ചു. സൈബര്‍ ആക്രമണത്തിനെതിരെ ഫാങ് വീബോക്ക് പരാതി നൽകിയിട്ടുണ്ട്.
വധിക്കുമെന്ന് ഭീഷണിപ്പെടുത്തി വീട് അഡ്രസിൽ കത്തയച്ചവരും കുറവല്ല. യു.എസ് പ്രസാധകരായ ഹാർപർ കോളിൻസ് ഈ കുറിപ്പുകൾ വൂഹാൻ ഡയറീസ് എന്ന പേരിൽ അടുത്ത ജൂണിൽ പുസ്തകമാക്കാനൊരുങ്ങുകയാണ്. ഇതും ദേശീയവാദികളെ ചൊടിപ്പിച്ചു. ചൈനീസ് ഭരണകൂടത്തിന്റെ വിമർശക കൂടിയാണീ എഴുത്തുകാരി. വാങ് ഫങ് എന്നാണ് എഴുത്തുകാരിയുടെ യഥാർഥ നാമം. ഫാങ് ഫാങ് തൂലിക നാമമാണ്.
സോഷ്യല്‍മീഡിയയില്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ഫാങിന്റെ ഡയറിക്കുറിപ്പുകള്‍ ഇംഗ്ലീഷ്,ജര്‍മ്മന്‍ എന്നീ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ജനുവരി 25നാണ് ഫാങ് ആദ്യം തന്റെ കുറിപ്പെഴുതുന്നത്. മാര്‍ച്ച് 24ന് വുഹാനിലെ ലോക് ഡൌണ്‍ നീക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോഴാണ് ഫാങ് അവസാന കുറിപ്പ് പോസ്റ്റ് ചെയ്യുന്നത്