ഈ വർഷം നടക്കാനിരിക്കുന്ന ടി-20 ലോകകപ്പിൻ്റെ കാര്യത്തിൽ ഓഗസ്റ്റ് മാസത്തിനു മുൻപ് തീരുമാനം എടുക്കില്ലെന്ന് ഇൻ്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ. ലോകവ്യാപകമായി കൊവിഡ് 19 പടരുന്ന പശ്ചാത്തലത്തിൽ ലോകകപ്പ് മാറ്റിവച്ചേക്കും എന്ന് റിപ്പോർട്ടുകൾ ഉയർന്നിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് ഐസിസിയുടെ പ്രതികരണം.
“ഇപ്പോൾ കാര്യങ്ങൾ അത്ര ശുഭകരമല്ല. ആളുകളുടെ ആരോഗ്യമാണ് സുപ്രധാനം. പക്ഷേ, കുറച്ച് മാസങ്ങൾക്കുള്ളിൽ സ്ഥിതി മെച്ചപ്പെട്ടാലോ? അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ ഓഗസ്റ്റ് വരെ എങ്കിലും ഐസിസി സമയം എടുക്കും. അതിനു മുൻപ് ഒരു തീരുമാനം പ്രതീക്ഷിക്കരുത്. ഇപ്പോൾ, കാര്യങ്ങൾ അതിൻ്റെ മുറക്ക് നടക്കുകയാണ്. നിശ്ചയിക്കപ്പെട്ട സമയത്ത് തന്നെ ലോകകപ്പ് നടക്കുമെന്ന് കരുതി കാര്യങ്ങൾ നീക്കുകയാണ്”- ഐസിസി അറിയിച്ചെന്ന് ടൈം ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
ഒക്ടോബർ 18നാണ് ടി-20 ലോകകപ്പ് ആരംഭിക്കുക. ഓസ്ട്രേലിയയാണ് വേദി. കൊവിഡ് 19ൻ്റെ പശ്ചാത്തലത്തിൽ ഓസ്ട്രേലിയ അതിർത്തികൾ അടച്ചിരിക്കുകയാണ്. സെപ്തംബർ വരെ രാജ്യത്ത് യാത്രാവിലക്കാണ്. ലോകകപ്പ് മാറ്റിവെക്കും എന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. ഇത് തള്ളിയാണ് പുതിയ റിപ്പോർട്ട്.
അതേ സമയം, ഐപിഎൽ അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചു. ഫ്രാഞ്ചൈസികൾക്ക് ഇത് സംബന്ധിച്ച വിവരം ബിസിസിഐ കൈമാറിയിട്ടുണ്ട്. ടൂർണമെൻ്റ് ഉപേക്ഷിച്ചിട്ടില്ലെന്നും സാഹചര്യങ്ങൾ പരിഗണിച്ച് നടത്താൻ ശ്രമിക്കുമെന്നും ബിസിസിഐ അറിയിച്ചു. മാർച്ച് 29ന് ആരംഭിക്കേണ്ടിയിരുന്ന ഐപിഎൽ ഈ മാസം 15ലേക്ക് മാറ്റിവച്ചിരുന്നു. എന്നാൽ രാജ്യത്തെ ലോക്ക് ഡൗൺ നീട്ടിയ സാഹചര്യത്തിൽ ടൂർണമെൻ്റ് നീട്ടിവക്കാൻ ബിസിസിഐ നിർബന്ധിതരാവുകയായിരുന്നു.