ചരിത്രത്തിലാദ്യമായി അമേരിക്കയില്‍ എണ്ണവില പൂജ്യത്തിലും താഴെയായി. ആവശ്യം കുത്തനെ കുറയുകയും മെയ് മാസത്തോടെ അമേരിക്കയിലെ എണ്ണ സംഭരണ സംവിധാനങ്ങളെല്ലാം നിറയുമെന്ന പേടി ഉയരുകയും ചെയ്തതോടെയാണ് എണ്ണവില നെഗറ്റീവായിരിക്കുന്നത്. ഇതോടെ എണ്ണ ഉത്പാദകര്‍ വിതരണക്കാര്‍ക്ക് അങ്ങോട്ട് പണം നല്‍കിയാണ് എണ്ണ കൊണ്ടുപോകാന്‍ സൗകര്യമൊരുക്കുന്നത്.
കോവിഡ് ഭീതിയെ തുടര്‍ന്ന് ലോക്ഡൗണ്‍ തുടര്‍ന്നതോടെ എണ്ണയുടെ ആവശ്യത്തിലുണ്ടായ വന്‍ ഇടിവാണ് എണ്ണവിലയെ പൂജ്യത്തിനും താഴെയെത്തിച്ചത്. ഒരു ബാരല്‍ (ഏതാണ്ട് 159 ലിറ്റര്‍) എണ്ണക്ക് എണ്ണ ഉത്പാദകര്‍ക്ക് 37.63 ഡോളര്‍(ഏതാണ്ട് 2,880 രൂപ) അങ്ങോട്ട് നല്‍കേണ്ട നിലവരെയുണ്ടായി. അതായത് ഒരു ലിറ്റര്‍ എണ്ണക്ക് ഏതാണ്ട് 18 രൂപവെച്ച് ഉത്പാദകര്‍ വിതരണക്കാര്‍ക്ക് നല്‍കേണ്ടി വന്നു.