8.7 C
New York
Saturday, March 6, 2021
Home Travel ദാമ്പുസ്‌: ഹിമാലയൻ താഴ്‌വരയിലെ നിശബ്ദ ഗ്രാമം

ദാമ്പുസ്‌: ഹിമാലയൻ താഴ്‌വരയിലെ നിശബ്ദ ഗ്രാമം

പൊഖാരയിലെ ഹോട്ടലുടമ പറഞ്ഞാണു ദാമ്പുസിനെക്കുറിച്ച്‌ അറിയുന്നത്‌. ക്ഷേത്രങ്ങളും ബുദ്ധ മൊണാസ്ട്രികളുമാണു നേപ്പാളിലെ പ്രധാന ടൂറിസ്റ്റ്‌ കേന്ദ്രങ്ങളിലെ കാഴ്ചകളെന്നതിനാൽ പൊഖാര ഒഴികെയുള്ള സ്ഥലങ്ങളെല്ലാം ഞങ്ങളുടെ യാത്ര ഷെഡ്യൂളിൽ നിന്നും നേരത്തെ തന്നെ ഒഴിവാക്കിയിരുന്നു. പകരം ഗ്രാമങ്ങളിലേക്കിറങ്ങാനും ഹോം സ്റ്റേകളെ ആശ്രയിക്കാനുമായിരുന്നു തീരുമാനം. തുടർ യാത്രകൾക്ക്‌ പ്രചോദനമാകുന്ന മനോഹരമായ അനുഭവങ്ങൾ എന്നും സമ്മാനിച്ചിട്ടുള്ളത്‌ ഓരോ പ്രദേശത്തേയും ഗ്രാമീണ കാഴ്ചകളാണെന്നതിനാൽ രണ്ടാമതൊരാലോചനയ്ക്ക്‌ ഞങ്ങൾക്കിടയിൽ പ്രസക്തിയുണ്ടായിരുന്നില്ല. സഞ്ചാരമെന്നാൽ അന്വേഷണം കൂടിയാണല്ലോ. നിരവധി ജീവിതങ്ങളെ, സംസ്കാരങ്ങളെ, ആചാരങ്ങളെ അറിയാനും അനുഭവിക്കാനുമുള്ള അന്വേഷണം. എല്ലാത്തിലുമുപരി ചിലവ്‌ കുറക്കാനും ഏറ്റവും നല്ല മാർഗ്ഗവും അതു തന്നെ.

ഇരുപത്താറു കിലോമീറ്റർ ദൂരമുണ്ട്‌ ദാമ്പുസിലേക്ക്‌. നേപ്പാളിന്റെ ഉൾഗ്രാമങ്ങളിലേക്കുള്ള യാത്ര സൗകര്യങ്ങൾ പരിമിതമാണെന്നതിനാൽ ടാക്സിയെ ആശ്രയിക്കുകയേ നിവർത്തിയുണ്ടായിരുന്നുള്ളൂ. ചെറിയ ദൂരമാണെങ്കിലും ഡ്രൈവർ പറഞ്ഞ തുക അൽപം കൂടുതലായിരുന്നു. പുറപ്പെടാൻ വൈകുന്തോറും താമസ സൗകര്യം അന്വേഷിക്കുകയെന്നത്‌ പ്രയാസമുള്ള കാര്യമായിത്തീരുമെന്നതിനാൽ ലഗേജുകളെല്ലാം വണ്ടിയിലാക്കി ഞങ്ങൾ യാത്ര തുടർന്നു. പക്ഷേ ആ തുക ഒട്ടും കൂടുതലായിരുന്നില്ലെന്ന് പിന്നീടാണു ഞങ്ങൾക്ക്‌ മനസ്സിലായത്‌.

ദാമ്പുസ്‌: ഹിമാലയൻ താഴ്‌വരയിലെ നിശബ്ദ ഗ്രാമം

നഗരത്തിനു പുറത്തേക്ക്‌ കടക്കുന്തോറും റോഡിന്റെ ശോചനീയവസ്ഥ കൂടുതൽ പ്രകടമായിക്കൊണ്ടിരുന്നു. പൊതുവെ നേപ്പാളിലെ റോഡുകളുടെ നിലവാരം വളരെ ദയനീയമാണു. സൊനാലി ബോർഡറിൽ നിന്ന് പൊഖാരയിലേക്കുള്ള ഞങ്ങളുടെ ബസ്‌ യാത്ര തന്നെ അതിന്റെ നല്ലൊരു അനുഭവമായിരുന്നു. റോഡരികിൽ നിർത്തിയിട്ടിരിക്കുന്ന നിർമ്മാണ യന്ത്രങ്ങൾ നടന്ന് കൊണ്ടിരിക്കുന്ന റോഡ്‌ പണിയുടെ അടയാളങ്ങളായി അവശേഷിക്കുന്നുണ്ട്‌. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴ റോഡിൽ വലിയ രീതിയിൽ ചെളി അടിയാനും കാരണമായിട്ടുണ്ട്‌. നിരന്തരം കടന്ന് പോകുന്ന ട്രക്കുകൾ ആ ചെളിയുടെ ആഴം വീണ്ടും വർദ്ധിപ്പിച്ച്‌ കൊണ്ടിരുന്നു. ചെറിയ വാഹനങ്ങളാണു അതുമൂലം ദുരിതത്തിലായത്‌. ഞങ്ങൾക്ക്‌ മുൻപേ പോയ ഒരു വാഹനം ആ ചെളിയിൽ പൂഴ്‌ന്നു പോയത്‌ പരിഭ്രാന്തിയുണ്ടാക്കിയെങ്കിലും ഡ്രൈവറിന്റെ അസാമാന്യ മിടുക്കായിരുന്നു ചെറിയ വാഹനമായിട്ടും ഞങ്ങൾക്ക്‌ അതിനെ മറികടക്കാൻ കഴിഞ്ഞത്‌. ഒരു വശത്ത്‌ മലയും മറുവശത്ത്‌ നദിയും ഒഴുകുന്നുണ്ട്‌. കൈവരികളോ വശങ്ങളിൽ തടയിണകളോ ഇല്ലാത്തതിനാൽ ഏത്‌ നിമിഷവും വലിയൊരപകടത്തിനു സാധ്യതയുള്ള അവിടന്ന് ശ്വാസമടക്കിപ്പിടിച്ചാണു മുന്നോട്ട്‌ പോയത്‌. പിന്നെയുമൊരു സുരക്ഷയ്ക്ക്‌ വേണ്ടി കാറിൽ നിന്നിറങ്ങി കുറച്ച്‌ ദൂരം ഞങ്ങൾക്ക്‌ നടക്കേണ്ടിയും വന്നു എന്നത്‌ ആ യാത്ര എത്രത്തോളം ഭയാനകമായിരുന്നു എന്നതിന്റെ തെളിവാണു. ഡ്രൈവർ അപ്പോഴേക്കും അപകട മേഖല തരണം ചെയ്ത്‌ കുറച്ചകലെയുള്ള ഒഴിഞ്ഞൊരിടത്ത്‌ വാഹനം പാർക്ക്‌ ചെയ്തിരുന്നു. ഞങ്ങൾ നടന്നെത്തുമ്പോഴേക്കും ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടിൽ അയാളൊരു സിഗരറ്റും പുകച്ചു നിൽക്കുകയായിരുന്നു. അപ്പോഴാണു ഞാനയാളെ ശ്രദ്ധിച്ചത്‌.

ദാമ്പുസ്‌: ഹിമാലയൻ താഴ്‌വരയിലെ നിശബ്ദ ഗ്രാമം

കട്ടിയുള്ള രോമക്കുറ്റികൾ ചേർന്ന ഒരു കൊമ്പൻ മീശക്കാരൻ. കോട്ടൺ ഷേർട്ടും ജീൻസുമായിരുന്നു അയാളുടെ വേഷം. തണുപ്പിനെ പ്രതിരോധിക്കാൻ ഒരു ജാക്കറ്റ്‌ ഒവർക്കോട്ടായും ധരിച്ചിരുന്നു. ചാര നിറത്തിലുള്ള ഒരു കൗ ബോയ്‌ തൊപ്പിയും ധരിച്ച്‌ മുന്നോട്ടാഞ്ഞ്‌ നിവർന്നിരുന്ന് അയാൾ വണ്ടി ഓടിക്കുന്നത്‌ കാണാൻ ഒരു പ്രത്യേക ചേലുണ്ടായിരുന്നു. ചുണ്ടിലെപ്പോഴുമൊരു സിഗരറ്റ്‌ കുറ്റിയുണ്ടാവും. സാമാന്യം നല്ല ഉയരവും അതിനൊത്ത വണ്ണവുമുള്ള അയാളെ കണ്ടാൽ അസ്സലൊരു ഹോളിവുഡ്‌ നടനെപ്പോലെയുണ്ടായിരുന്നു. പത്തു വർഷത്തോളം ചെന്നെയിൽ ജോലി ചെയ്തിരുന്നതിനാൽ ഹിന്ദിയും തമിഴും അദ്ദേഹത്തിനു നന്നായറിയാം.

ഖണ്ടക്‌ നദിയുടെ ഓരം ചേർന്നുള്ള ആ യാത്ര കുറച്ച്‌ ദൂരം കഴിഞ്ഞപ്പോൾ ഇടുങ്ങിയൊരു പാതയിലേക്ക്‌ തിരിഞ്ഞു. ചുറ്റിനും കാടാണു. വാഹനം പതിയെ ഒരു മല കയറുകയാണു. മനുഷ്യവാസത്തിന്റെ യാതൊരു സൂചനയും വിദൂരങ്ങളിൽ പോലും ദൃശ്യമായിരുന്നില്ല. കുറച്ച്‌ ദൂരം പിന്നിട്ടപ്പോഴേക്കും തട്ടു തട്ടായ കൃഷിയിടങ്ങൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി. അടുത്ത കൃഷിക്കുള്ള മുന്നൊരുക്കങ്ങളാവണം മിക്കയിടവും നിലമുഴുതിട്ടിരിക്കുന്നു. ചിലയിടങ്ങളിൽ ഒറ്റപ്പെട്ട വീടുകൾ കാണാമെന്നല്ലാതെ താമസിക്കാനൊരിടം കിട്ടുന്ന ലക്ഷണമൊന്നും കാണുന്നുണ്ടായിരുന്നില്ല. ഒരുവേള വന്ന സ്ഥലം മാറിപ്പോയോ എന്നു പോലും സംശയിച്ചു നിൽക്കുമ്പോഴാണു ചെറിയൊരു കട ശ്രദ്ധയിൽ പെട്ടത്‌. ഒരു ചെറുപ്പക്കാരൻ അതിൽ നിന്നിറങ്ങി വന്നു. അടുത്തെവിടെയെങ്കിലും ഹോം സ്റ്റേകൾ കിട്ടുമോയെന്ന ഞങ്ങളുടെ അന്വേഷണത്തിനു റോഡിനെതിർ വശത്തെ ഒരു വയലിലേക്കാണയാൾ വിരൽ ചൂണ്ടിയത്‌. തിരിഞ്ഞ്‌ നോക്കുമ്പോൾ അൽപ്പം ഉയരത്തിലായി ഒരു വലിയ കൃഷിയിടമല്ലാതെ മറ്റൊന്നും കാണുന്നുണ്ടായിരുന്നില്ല. ഞങ്ങളുടെ സംശയം മുഖത്ത്‌ വായിച്ചിട്ടാവണം ഒപ്പമുണ്ടായിരുന്ന നായക്കുട്ടിയെ അകത്ത്‌ പൂട്ടി ആ ചെറുപ്പക്കാരൻ ഞങ്ങളേയും കൂട്ടി മുന്നിലേക്ക്‌ നടന്നു. തട്ടു തട്ടായ വയൽ വരമ്പിലൂടെ അയാൾക്കു പിറകെ ഞങ്ങളും മുകളിലേക്ക്‌ നടന്നു. നേപ്പാളി കലർന്ന ഹിന്ദിയിലാണു അയാൾ ഞങ്ങളോട്‌ സംസാരിക്കുന്നത്‌. അതുകൊണ്ട്‌ പലതും ഞങ്ങൾക്കൊട്ട്‌ മനസ്സിലായുമില്ല. നിരപ്പായ പാറക്കല്ലുകൾ മനോഹരമായി അടുക്കി വെച്ച നടപ്പാതയിലൂടെ ഞങ്ങൾ എത്തിയത്‌ നീളത്തിലുള്ള ഒരു ഇരുനില വീടിനു മുന്നിലാണു. പരന്ന പാറക്കല്ലുകൾ അടുക്കി വെച്ചു നിർമ്മിച്ചിരിക്കുന്ന ആ വീടിന്റെ മുകൾ നിലയാണു ഞങ്ങൾക്കായി നൽകിയത്‌. മുന്നിലേക്ക്‌ നോക്കിയാൽ നീണ്ടു നിവർന്ന മലനിരകൾ കാണാം. മേഘമാണോ കോടയാണോ എന്നു തിരിച്ചറിയാനാവാത്ത വിധം ആകാശം തൊട്ടടുത്തായാണു തോന്നിയത്‌. നേരം സന്ധ്യയോടടുക്കുന്നു. അസ്ഥി തുളക്കുന്ന തണുപ്പാണു. എങ്ങനെയും കുറച്ച്‌ നേരം വിശ്രമിച്ചാൽ മതിയെന്നായി ഞങ്ങൾക്ക്‌.

ദാമ്പുസ്‌: ഹിമാലയൻ താഴ്‌വരയിലെ നിശബ്ദ ഗ്രാമം

കാസ്കി ജില്ലയിലെ ചെറിയൊരു ഗ്രാമമാണു ദാമ്പുസ്‌. ഭൂരിഭാഗവും വനപ്രദേശം. സമുദ്ര നിരപ്പിൽ നിന്നു 5400 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഗ്രാമത്തിന്റെ പ്രധാന വരുമാനം കൃഷിയും ടൂറിസവുമാണു. നേപ്പാളിലെ ന്യൂനപക്ഷ വിഭാഗമായ ഗുരുങ്ങ്‌ വംശക്കാർ കൂടുതലായി അധിവസിക്കുന്നയിടങ്ങളിൽ ഒന്നുകൂടിയാണിത്‌. ആകെ മുവായിരത്തിൽ താഴെ മാത്രം ജനസംഖ്യയുള്ള ഈ പ്രദേശത്താണു പ്രശസ്ഥ ഹിമാലയൻ ട്രക്കിങ്ങിന്റെ ആസ്ട്രേലിയൻ ബേസ്‌ ക്യാമ്പ്‌ സ്ഥിതി ചെയ്യുന്നത്‌. ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ 10 പർവ്വതങ്ങളിൽ ഏഴും നേപ്പാളിലാണല്ലോ സ്ഥിതി ചെയ്യുന്നത്‌. പത്തും പതിനഞ്ചും ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ഹിമാലയൻ ട്രക്കിങ്ങുകൾ സാഹസിക സഞ്ചാരികളുടെ ഒരു സ്വപ്നം കൂടിയാണു. സെപ്തംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലാണു ഇത്തരം ട്രക്കിങ്ങുകളുടെ സീസൺ. ദൂരെയുള്ള മലനിരകളിലേക്ക്‌ ചൂണ്ടി ദിവസങ്ങൾ നീണ്ടു നിൽക്കുന്ന അന്നപൂർണ്ണ ട്രക്കിങ്ങിന്റെ റൂട്ട്‌ മാപ്‌ ഡ്രൈവർ ഞങ്ങൾക്ക്‌ കാണിച്ചു തന്നു.

നേപ്പാളിലെ പെട്ടിക്കടകളിൽ പോലും വിദേശമദ്യം സുലഭമാണെങ്കിലും ഗ്രാമങ്ങളിൽ നാടൻ ചാരായത്തിനും കുറവൊന്നുമില്ല. ഹോട്ടലും ചാരായ ഷോപ്പും പലചരക്ക്‌ കടയുമൊക്കെ ഇവിടെ ഒന്നു തന്നെ. രാത്രി നടത്തം കഴിഞ്ഞ്‌ തിരിച്ചെത്തിയപ്പോഴേക്കും ഞങ്ങൾക്കുള്ള ഭക്ഷണം തയ്യാറാക്കുന്ന തിരക്കിലായിരുന്നു വീട്ടുകാർ. അപ്പോഴേക്കും ജോലി കഴിഞ്ഞ്‌ ഗ്രഹനാഥനും വീട്ടിലെത്തിയിട്ടുണ്ടായിരുന്നു. ഭാര്യയും ഭർത്താവും രണ്ടു കുട്ടികളുമടങ്ങുന്ന ചെറിയൊരു കുടുംബം. അടുക്കളയിൽ ഭാര്യയെ സഹായിക്കുന്നതോടൊപ്പം ഞങ്ങളുടെ യാത്രവിശേഷങ്ങളും അയാൾ ചോദിച്ചു കൊണ്ടിരുന്നു. കൃഷിപ്പണിയോടൊപ്പം ഹോം സ്റ്റേയുമാണു അവരുടെ ജീവിത വരുമാനം. ശൈത്യകാലമായതിനാൽ തണുപ്പിന്റെ കാഠിന്യം കൂടുതലാണു. മരവിച്ച കൈകൾക്ക്‌ ജീവനേകാൻ അടുപ്പിനരികിൽ ഞാനൽപ്പം തീ കാഞ്ഞിരുന്നു. റൊട്ടിയും ചെനാ സബ്ജിയുമാണു വിഭവം. ജാക്കറ്റും കമ്പിളിയും രണ്ട്‌ ജോഡി ഡ്രസ്സുമിട്ടാണു ഉറങ്ങാൻ കിടന്നതെങ്കിലും ഇരച്ചു കയറുന്ന തണുപ്പിനെ പ്രതിരോധിക്കാൻ അതൊന്നും മതിയാകുമായിരുന്നില്ല.

ദാമ്പുസ്‌: ഹിമാലയൻ താഴ്‌വരയിലെ നിശബ്ദ ഗ്രാമം

അലാറത്തിന്റെ ശബ്ദം കേട്ടാണു ഉറക്കമുണർന്നത്‌. സുബ്‌ഹി നമസ്കാരം കഴിഞ്ഞ്‌ പുറത്തേക്കിറങ്ങിയപ്പോൾ കണ്ട കാഴ്ച അമ്പരിപ്പിക്കുന്നതായിരുന്നു. മഞ്ഞു മൂടിയ ഹിമാലയൻ മലനിരകൾ കണ്മുന്നിൽ തെളിഞ്ഞു നിൽക്കുന്നു. ഇന്നലെ കാണുമ്പോൾ കാഴ്ചയെ മറച്ചിരുന്ന മേഘങ്ങൾക്ക്‌ പിറകിൽ നീണ്ടു നിവർന്ന മഞ്ഞു മലകൾ ഒളിഞ്ഞിരിക്കുന്നതിന്റെ യാതൊരു ലക്ഷണങ്ങളുമുണ്ടായിരുന്നില്ല. അങ്ങകലെ കിഴക്കൻ മലയിടുക്കിൽ നിന്ന് ചുവന്ന ഗോളം പ്രത്യക്ഷപ്പെടാൻ തുടങ്ങി. നീലാകാശത്തോളം ഉയർന്ന് നിൽക്കുന്ന വെളുത്ത മഞ്ഞു മലകൾ ഉദയസൂര്യന്റെ ഇളം മഞ്ഞ പ്രകാശമേറ്റ്‌ തിളങ്ങിക്കൊണ്ടിരുന്നു. ആർത്തിയോടെ ഞങ്ങൾ ആ ദൃശ്യങ്ങൾ മൊബെയിലിൽ പകർത്തുമ്പോൾ ഇന്നുവരെ കണ്ടതിൽ വെച്ചേറ്റവും മനോഹരമായ പ്രകൃതി സൗന്ദര്യം ആസ്വദിക്കുന്ന അമ്പരപ്പിലായിരുന്നു ഞങ്ങൾ.

നേരം പുലരും മുൻപേ പ്രദേശവാസികൾ തങ്ങളുടെ ജോലികളിൽ വ്യാപൃതരായിട്ടുണ്ടാവും. പ്രഭാത നടത്തവുമായി പുറത്തേക്കിറങ്ങിയ ഞങ്ങൾക്ക്‌ കാണാനായതും കാളയും കലപ്പയുമായി നിലമുഴുതുന്ന നിരവധിയാളുകളെയാണു. യന്ത്രങ്ങളുടെ സഹായങ്ങളൊന്നുമില്ലാത്ത പരമ്പരാഗത കൃഷിരീതികൾ തന്നെയാണു ഇപ്പോഴും ഇവർ പിന്തുടരുന്നത്‌. കൃഷിയിൽ സ്വയം പര്യാപ്തമാണെന്നതിനാൽ ഇവർക്കാവശ്യമുള്ളതൊക്കെ ഇവിടെ തന്നെ കൃഷി ചെയ്യുന്നുണ്ട്‌. നെല്ല്, ഗോതമ്പ്‌, ചോളം, പച്ചക്കറികൾ അങ്ങനെയെല്ലാം. ഞങ്ങളുടെ വീട്ടുടമസ്ഥയാണെങ്കിൽ സദാ സമയവും ജോലിയിൽ തന്നെയാണു. ഏതെങ്കിലും ഒരു സമയം പോലും അവർ വെറുതെയിരിക്കുന്നത്‌ ഞങ്ങളിതുവരെ കണ്ടില്ല. ചിലപ്പോൾ വിറക്‌ ശേഖരിക്കുന്നിടത്ത്‌, ചിലപ്പോൾ തൊഴുത്തിൽ, ചിലപ്പോൾ പച്ചക്കറി തോട്ടത്തിൽ.. അങ്ങനെയെല്ലായിടത്തും ആ സ്ത്രീ ഓടി നടന്ന് പണിയെടുക്കുന്നു. അതിനിടയിൽ കുട്ടിയെ സ്കൂളിൽ വിടണം അടുക്കളയും കൈകാര്യം ചെയ്യണം. രണ്ടാമത്തെ കുട്ടിക്ക്‌ ഏഴ്‌ മാസമേ പ്രായമുള്ളൂ. ഇതെല്ലാം കഴിഞ്ഞ്‌ വേണം ഭർത്താവിനെ സഹായിക്കാനായി കൃഷിയിടത്തിലേക്ക്‌ പോകാൻ. നേപ്പാളികൾ പൊതുവേ നല്ലപോലെ അധ്വാനിക്കുന്നവരാണെന്ന് കേട്ടിട്ടുണ്ട്‌. അതു ശരിവെക്കുന്ന കാഴ്ചകളാണു യാത്രയിലുടനീളം ഞങ്ങൾക്ക്‌ കാണാനായതും.

ദീർഘ ചതുരാകൃതിയിലുള്ള ഇരുനില വീടുകളാണു ഭൂരിഭാഗവും. പരന്ന പാറകല്ലുകളും മരത്തടിയും ഉയോഗിച്ചാണു നിർമ്മിച്ചിരിക്കുന്നത്‌. മേൽക്കൂര പോലും ഇത്തരം പരന്ന കല്ലുകൾ കൊണ്ടാണു മേഞ്ഞിരിക്കുന്നത്‌.

അകം മണ്ണു തേച്ച്‌ മിനുക്കും. ആർഭാടങ്ങളോ അലങ്കാരങ്ങളോ ഒന്നുമില്ല. വീടിന്റെ നീളത്തിനൊത്ത വരാന്തയുമുണ്ട്‌. ഭക്ഷണം കഴിക്കാനും പാചകം ചെയ്യാനും ഉറങ്ങാനുമൊക്കെ പ്രത്യേകം പ്രത്യേകം മുറികളാണു. അപൂർവ്വമായി ചില കോൺക്രീറ്റ്‌ വീടുകളും കാണാം. ഇടവഴികളെല്ലാം പാറക്കല്ലുകൾ പാകിയിരിക്കുന്നു. നല്ല വൃത്തിയിലും ചിട്ടയിലുമാണു വീടുകളും നടപ്പാതകളുമൊക്കെ നിർമ്മിച്ചിരിക്കുന്നത്‌. ഹിമാലയൻ ഗ്രാമങ്ങളുടെ തനിമ വേണ്ടുവോളം ആസ്വദിക്കാൻ കഴിയുന്നൊരിടം എന്നു വേണമെങ്കിൽ ദാമ്പുസിനെ വിളിക്കാം. അത്രമാത്രം മനോഹരമാണത്‌. ശാന്തവും.

തിരിച്ചെത്തുമ്പോഴേക്കും നേരം ഉച്ചയൊടടുത്തിരുന്നു. ദാമ്പുസിനോട്‌ വിടപറയാൻ സമയമായി. രാവിലെ കണ്ട മഞ്ഞുമലകൾ ഇപ്പോൾ കാണാനില്ല. മറ്റേതെങ്കിലും സഞ്ചാരികളെ വിസ്മയിപ്പിക്കാനായി മേഘങ്ങൾ അവയെ ഒളിപ്പിച്ചു വെച്ചതാകാം. തിരിച്ച്‌ മലയിറങ്ങുമ്പോഴും എന്റെ മനസ്സ്‌ മുഴുവൻ ഗ്രാമത്തിൽ തന്നെയായിരുന്നു. തന്റെ കുടുംബവും ഗ്രാമവും കൃഷിയുമല്ലാത്തെ ഒരു ജീവിതത്തെക്കുറിച്ച്‌ അവർ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടാവുമോ..? ഇരമ്പുന്ന ശബ്ദവുമായി ഖണ്ടക്‌ നദി ഒഴുകുന്നുണ്ട്‌. ഹിമാലയത്തിൽ നിന്നുൽഭവിച്ച്‌ നേപ്പാളിലൂടെ കറങ്ങി ഇന്ത്യയിലേക്കും ചൈനയിലേക്കുമുള്ള ജലവും വഹിച്ച്‌..!

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പന്തിനുള്ളില്‍ കഞ്ചാവ് നിറച്ച് ജയിലിനുള്ളിലേക്ക് കടത്താന്‍ ശ്രമം: കയ്യോടെ പിടികൂടി

കഞ്ചാവ് കടത്താന്‍ പുതിയ മാര്‍ഗം ആവിഷ്‌കരിച്ച പ്രതികള്‍ മഹാരാഷ്ട്രയില്‍ പിടിയിലായി. ടെന്നീസ് ബോളിനുള്ളില്‍ കഞ്ചാവ് നിറച്ച് കടത്താനായിരുന്നു പദ്ധതി. കടത്താന്‍ ഉദ്ദേശിച്ചതോ, മഹാരാഷട്ര കോലാപൂര്‍ ജയിലിനുള്ളില്‍ കിടക്കുന്ന സുഹൃത്തിന് വേണ്ടിയും. 'നമ്പന്‍' സ്‌നേഹത്തിന്...

മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി അന്തരിച്ചു

രാഷ്ട്രീയത്തിലെ മാന്യനെന്നും ജ്ഞാനിയെന്നും കര്‍മപടുവെന്നുമൊക്കെയുള്ള വിശേഷണങ്ങള്‍ ഇന്ത്യയില്‍ ഏതൊരു പേരിനൊപ്പം ചേര്‍ക്കാമോ അങ്ങനെ ഒരാള്‍ പ്രണബ് കുമാര്‍ മുഖര്‍ജിയാണ്. ഏതൊരാളെയും പോലെ രാഷ്ട്രീയ ജീവിതത്തില്‍ കയറ്റിറക്കങ്ങളുണ്ടായിട്ടുണ്ടെങ്കിലും അധികമൊന്നും അലയാതെ രാജ്യത്തെ പരമോന്നത പദവി...

ജനനം അഭയാർത്ഥി ക്യാമ്പിൽ; ആഭ്യന്തര യുദ്ധത്തിനിടെ നാടുവിട്ടു: നാടോടിക്കഥ പോലെ അൽഫോൺസോ ഡേവിസിന്റെ ജീവിതം

അൽഫോൺസോ ഡേവിസ്. ആ പേര് ഇപ്പോൾ ഫുട്ബോൾ ആരാധകർക്ക് സുപരിചിതമാണ്. ബാഴ്സലോണക്കെതിരായ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ വേഗം കൊണ്ടും ശൈലി കൊണ്ടും ശ്രദ്ധ നേടിയ 19 വയസ്സുകാരൻ. പിഎസ്ജിയെ പരാജയപ്പെടുത്തി ബയേൺ...

എല്ലാത്തിനും കാരണം ജോലി ഇല്ലായ്മ: പിഎസ്ഇ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്തു

പിഎസ്ഇ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്ത. തിരുവനന്തപുരം വെള്ളറട തട്ടിട്ടമ്പലം സ്വദേശി അനു ആണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ എക്സൈസ് പരീക്ഷയില്‍ അനുവിന് 77 ആം റാങ്ക് ലഭിച്ചിരുന്നു....