യു.എ.ഇയിൽ രണ്ട് മലയാളികൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു. പാലക്കാട് ഒറ്റപ്പാലം മുളഞ്ഞൂര്‍ നെല്ലിക്കുറുശ്ശി സ്വദേശി അഹ്മദ് കബീർ (47), പത്തനംതിട്ട തുമ്പമൺ സ്വദേശി കോശി സഖറിയ (മനോജ്-51) എന്നിവരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 43 ആയി.
രണ്ട് ഏഷ്യൻ രാജ്യക്കാർ കോവിഡ് മൂലം മരിച്ചതായി ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. 484 പേർക്ക് കൂടി യു.എ.ഇയിൽ രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ രോഗികളുടെ എണ്ണം 7265 ആയി. ഇതിനിടെ 74 പേർക്ക് കൂടി രോഗം പൂർണമായും ഭേദമായി. രോഗവിമുക്തി നേടിയവരുടെ എണ്ണം ഇതോടെ 1360 ആയി. മരിച്ച അഹമ്മദ് കബീര്‍ ചുമയും ശ്വാസടസ്സവും തൊണ്ടവേദനയും മൂലം ഏപ്രില്‍ ഒന്നു മുതല്‍ ചികിത്സയിലായിരുന്നു. ബിസിനസുകാരനായിരുന്ന കോശി സഖറിയ ദുബൈ ഇറാനിയൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ദുബൈ വെൽകെയർ ആശുപത്രിയിലെ നഴ്സ് എലിസബത്താണ് ഭാര്യ.