ഖത്തറില്‍ സന്ദര്‍ശകവിസയിലെത്തി കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് തിരിച്ചുപോകാന്‍ കഴിയാത്തവര്‍ക്ക് സര്‍ക്കാരിന്റെ ആശ്വാസ പ്രഖ്യാപനം. ഓണ്‍ അറൈവല്‍, ടൂറിസ്റ്റ് വിസ എന്നിവയിലായി രാജ്യത്തുള്ള സന്ദര്‍ശകര്‍ക്ക് വിസ പുതുക്കാതെ തന്നെ രാജ്യത്ത് തുടരാം. ഇപ്പോഴത്തെ നിയന്ത്രണങ്ങള്‍ എത്ര വരെ നീളുന്നുവോ അത്രയും കാലം രാജ്യത്ത് തങ്ങാന്‍ അവര്‍ക്ക് അനുമതി നല്കി. വിമാനനിയന്ത്രണം നീങ്ങുന്ന മുറയ്ക്ക് മറ്റ് തടസ്സങ്ങളൊന്നുമില്ലാതെ സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചുപോകാം. ഖത്തര്‍ ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
എന്നാല്‍ മൂന്ന് മാസം വരെ നില്ക്കാവുന്ന ഫാമിലി വിസിറ്റ്, ബിസിനസ് വിസിറ്റ് എന്നിവയ്ക്ക് ഈ ഇളവ് ബാധകമല്ല. ഇത്തരം വിസകളുടെ കാലാവധി തീരുന്ന മുറയ്ക്ക് ഓണ്‍ലൈനായി പുതുക്കാനുള്ള അവസരം ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി ഒരുക്കിയിട്ടുണ്ട്.