പ്രവാസി മലയാളികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് മുസ്ലിം ലീഗ് അടിയന്തര ഉന്നതാധികാര സമിതി യോഗം ചേർന്നു. വിഷയം പരിഹരിക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രിയുമായി ഫോണില്‍ ചര്‍ച്ച നടത്തുകയും ചെയ്തതായി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു. ഗൾഫ് രാജ്യങ്ങളിൽ ക്വാറന്റൈനിൽ കഴിയുന്നവരുടെയും ചികിത്സയിലുള്ളവരുടെയും കാര്യത്തിൽ ആശങ്ക വർധിച്ചുവരുന്ന സാഹചര്യത്തിലാണ് മുസ്ലിം ലീഗ് ഇന്ന് അടിയന്തര ഉന്നതാധികാര സമിതി യോഗം ചേര്‍ന്നത്. യു.എ.ഇ, കുവൈത്ത് എന്നിവിടങ്ങളിലെ സ്ഥാനപതിമാരുമായും കെ.എം.സി.സി ഭാരവാഹികളുമായും ബന്ധപ്പെട്ട് ആവശ്യമായ കരുതൽ നടപടികൾ സ്വീകരിക്കാനും യോഗത്തില്‍ ധാരണായായി.
നിരവധി മലയാളികൾ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഘട്ടത്തില്‍ പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള ഉത്തരവാദിത്തം കേന്ദ്ര സർക്കാറിനു മാത്രമല്ല കേരള സർക്കാറിനുമുണ്ടെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു. കേന്ദ്രവുമായി ബന്ധപ്പെട്ട് ഇക്കാര്യത്തിൽ അടിയന്തര തീരുമാനമെടുക്കാനും പ്രവാസി മലയാളികളുടെ സുരക്ഷ ഉറപ്പുവരുത്താനും മുഖ്യമന്ത്രിയോട് ഹൈദരലി ശിഹാബ് തങ്ങൾ ആവശ്യപ്പെട്ടു.