ലോക്ഡൗണിനെത്തുടര്‍ന്ന് നിശ്ചയിച്ച വിവാഹങ്ങള്‍ മുടങ്ങുന്ന സാഹചര്യത്തിലാണ് തീരുമാനം
കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക് ഡൌണ്‍ പല രാജ്യങ്ങളിലും തുടരുകയാണ്. പൊതുചടങ്ങുകളോ,കല്യാണങ്ങളോ മറ്റ് ഒത്തുകൂടലുകളോ..എല്ലാം ഈ സമയത്ത് അനുവദനീയമല്ല. ലോക് ഡൌണിന്റെ പശ്ചാത്തലത്തില്‍ പലരും വിവാഹങ്ങള്‍ മാറ്റിവയ്ക്കുകയാണ്. എന്നാല്‍ ഈ ലോക് ഡൌണ്‍ കാലത്തും വിവാഹത്തിന് അനുമതി നല്‍കിയിരിക്കുകയാണ് ന്യൂയോര്‍ക്ക് ഗവര്‍ണര്‍. ഓണ്‍ലൈന്‍ വിവാഹത്തിനാണ് ഗവര്‍ണര്‍ ആന്‍ഡ്രൂ കൂമോ അനുമതി നല്‍കിയിരിക്കുന്നത്.
.ലോക്ഡൗണിനെത്തുടര്‍ന്ന് നിശ്ചയിച്ച വിവാഹങ്ങള്‍ മുടങ്ങുന്ന സാഹചര്യത്തിലാണ് തീരുമാനം. സംസ്ഥാനത്തിനകത്തുള്ളവര്ക്ക് മാത്രമാണ് വെര്‍ച്വല്‍ വിവാഹത്തിന് അനുമതി. മേയ് 15 വരെ ലോക്ക്ഡൌണ്‍ നീട്ടിയതിന് പിന്നാലെയാണ് കൂമോവിന്റെ പ്രഖ്യാപനം.
വീഡിയോ കോണ്‍ഫറന്‍സിങ്ങിന് ഉപയോഗിക്കുന്ന സൂം ആപ്പിലൂടെയാകും ഇനിയുള്ള വിവാഹങ്ങള്‍. ഇത്തരം വിവാഹങ്ങള്‍ക്ക് ലൈസന്‍സ് അനുവദിക്കും. അതനുസരിച്ച് വിവാഹം നടത്താം. വിവാഹത്തിന് ശേഷം വീട്ടില്‍ തനവ്നെ ഇരിക്കുന്നതാണ് ഉത്തമമെന്നും ലോക് ഡൌണിന് ശേഷം സത്ക്കാരങ്ങള്‍ നടത്തിയാല്‍ മതിയെന്നും ഉത്തരവില്‍ പറയുന്നു.
മെഡിക്കല്‍ വിദ്യാര്‍ഥിനിയായ ലെന തുര്ക്കെയമര് ലോക് ഡൌണിനെ തുടര്‍ന്ന് വിവാഹം നീട്ടിവച്ചിരിക്കുകയായിരുന്നു. ഓണ്‍ലൈന്‍ വിവാഹത്തിന് അനുമതി ലഭിച്ചതിനെ തുടര്‍ന്ന് നേരത്തെ നിശ്ചയിച്ചിരുന്ന അതേ തിയതിയില്‍ തന്നെ സൂം ആപ്പിലൂടെ കല്യാണം നടത്തി. എന്തായാലും ഗവര്‍ണറുടെ പുതിയ തീരുമാനത്തെ സ്വാഗതം ചെയ്യുകയാണ് ന്യൂയോര്‍ക്ക്കാര്‍.