കൊറോണ വൈറസിനെ പ്ലേഗ് എന്ന് വിശേഷിപ്പിച്ച ട്രംപ്
കോവിഡിന്റെ ഉറവിടം ചൈന തന്നെയാണെന്ന വാദമുഖത്തില്‍ ഉറച്ചുനില്‍ക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈനക്കെതിരെ നിരന്തരം ആരോപണങ്ങള്‍ അഴിച്ചുവിടുകയാണ്. കൊറോണ വൈറസിനെക്കുറിച്ച് അന്വേഷിക്കാന്‍ ചൈനയിലേക്ക് വിദഗ്ധ സംഘത്തെ ട്രംപ് വ്യക്തമാക്കി. അമേരിക്കയുള്‍പ്പെടെ ലോകമെമ്പാടുമായി ലക്ഷക്കണക്കിന് പേരുടെ ജീവനെടുത്ത കോവിഡ് 19 ന് പിന്നില്‍ ചൈനയാണെങ്കില്‍ അനന്തര ഫലങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്ന ഭീഷണിക്ക് പിന്നാലെയാണ് ചൈനയിലേക്ക് വിദഗദ്ധ സംഘത്തെ അയക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞിരിക്കുന്നത.
കൊറോണ വൈറസിനെ പ്ലേഗ് എന്ന് വിശേഷിപ്പിച്ച ട്രംപ്, കഴിഞ്ഞ ഡിസംബറില്‍ വുഹാനില്‍ നിന്നും വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയെക്കുറിച്ച് താന്‍ തൃപ്തനല്ലെന്നും ഞായറാഴ്ച വൈറ്റ് ഹൌസില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ചൈനയിലേക്ക് വിദഗ്ധ സംഘത്തെ അയക്കുന്നതിനെക്കുറിച്ച് ഞങ്ങള്‍ വളരെക്കാലം മുമ്പ് അവരോട് സംസാരിച്ചു. അവിടെ എന്താണ് സംഭവിക്കുന്നതെന്ന് നേരിട്ട് അറിയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. എന്നാല്‍ അതിനായി ചൈനയുടെ ക്ഷണം ലഭിച്ചിട്ടില്ലെന്നും പ്രസിഡന്റ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ചൈനയുമായുള്ള വ്യാപാരത്തില്‍ ഞാന്‍ വളരെ സന്തുഷ്ടനായിരുന്നു, എല്ലാ കാര്യങ്ങളിലും വളരെ സന്തുഷ്ടനായിരുന്നു. എന്നാല്‍ തുടര്‍ന്ന് നമ്മള് പ്ലേഗിനെക്കുറിച്ച് കണ്ടെത്തിയത്. അക്കാര്യത്തില്‍ ഞാന്‍ സന്തുഷ്ടനല്ല; അദ്ദേഹം പറഞ്ഞു.അതേസമയം വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നിന്ന് മാരകമായ വൈറസ് പുറത്തായോ എന്ന വിഷയത്തില്‍ യുഎസ് അന്വേഷണം ആരംഭിച്ചു.
കൊറോണ വൈറസ് രോഗം ചൈന കൈകാര്യം ചെയ്ത രീതിയില്‍ ട്രംപ് ആവര്‍ത്തിച്ച് നിരാശ പ്രകടിപ്പിച്ചു. പ്രതിസന്ധി നേരിടുന്നതില്‍ സുതാര്യതയില്ലായ്മയും തുടക്കത്തില്‍ ബീജിംഗ് വാഷിംഗ്ടണുമായി നിസ്സഹകരിച്ചെന്നും ട്രംപ് ആരോപിച്ചു.ഇനി നേരിട്ട് അന്വേഷിച്ച് ഇത് കണ്ടെത്താന്‍ പോവുകയാണെന്ന് ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.കൊറോണ വൈറസിന്റെ പ്രചാരണത്തിന് അറിഞ്ഞുകൊണ്ട് ഉത്തരവാദിത്തമുണ്ടെങ്കില്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഒരു ദിവസം മുമ്പ് അദ്ദേഹം ചൈനയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
അതേസമയം കൊറോണ വൈറസിനെ നേരിട്ട രീതിയില്‍ ട്രംപിനെ കുറ്റപ്പെടുത്തി പ്രതിപക്ഷമായ ഡെമോക്രാറ്റുകള്‍ രംഗത്തുവന്നു.രോഗത്തെ ക്കുറിച്ച് അറിയാന്‍ വളരെ വൈകിയെങ്കിലും ചൈനയില്‍ നിന്നുള്ള യാത്രകള്‍ നിയന്ത്രിച്ചാണ് താന്‍ നേരത്തെ പ്രവര്‍ത്തിച്ചതെന്ന ട്രംപിന്റെ അവകാശവാദം വസ്തുതാവിരുദ്ധമാണെന്നും ഫെബ്രുവരിയിലുടനീളം അദ്ദേഹം വൈറസിനെ നിസാരമായാണ് കണ്ടതെന്നും ഡെമോക്രാറ്റിക് പാര്‍ട്ടി പറഞ്ഞു.