വുഹാനില്‍ അടുത്തിടെയാണ് 5ജി വന്നതെന്നും ബ്രിട്ടനില്‍ 5 ജി ഉപയോഗിക്കുന്ന പ്രദേശങ്ങളിലാണ് കോവിഡ് കൂടുതലെന്നുമാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്….
കോവിഡ് രോഗം പരത്തുന്നതിന് പിന്നില്‍ 5ജിയാണെന്ന പ്രചാരണം വിശ്വസിച്ചവര്‍ ബ്രിട്ടനില്‍ ടവറുകള്‍ക്ക് തീയിടുന്നു. ഒരാഴ്ച്ചക്കിടെ കുറഞ്ഞത് മൂന്ന് 5ജി ടവറുകളെങ്കിലും തീവെച്ചുവെന്നാണ് ബി.ബി.സി റിപ്പോര്‍ട്ടു ചെയ്യുന്നത്. സംഭവത്തില്‍ യു.കെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇത്തരം അടിയന്തര സാഹചര്യത്തില്‍ വളരെ ഉപകാരപ്പെടുന്ന സാങ്കേതികവിദ്യകള്‍ നശിപ്പിക്കാന്‍ ജനങ്ങള്‍ ശ്രമിക്കുന്നത് നിരാശാജനകമാണെന്നാണ് ബ്രിട്ടനിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് ഡയറക്ടര്‍ പ്രതികരിച്ചത്. പതിവുപോലെ സോഷ്യല്‍മീഡിയയിലൂടെയാണ് ഈ 5ജി ഗൂഢാലോചനാ സിദ്ധാന്തവും അതിവേഗം പടര്‍ന്നുപിടിച്ചത്.
കൊവിഡ് രോഗം ആദ്യമായി പടര്‍ന്ന വുഹാനില്‍ അടുത്തിടെയാണ് 5ജി വന്നതെന്നും 5ജി ഉപയോഗിക്കുന്ന നഗരങ്ങളിലാണ് ഇപ്പോള്‍ കോവിഡ് പടര്ന്നുപിടിക്കുന്നതെന്നുമാണ് പ്രചരണം. ഗ്രാമങ്ങളേക്കാള്‍ ജനപ്പെരുപ്പം കൂടുതലുള്ള നഗരങ്ങളില്‍ കോവിഡ് സ്വാഭാവികമായും പെട്ടെന്ന് വ്യാപിക്കുമെന്നോ 5ജി ഇതുവരെ വന്നിട്ടില്ലാത്ത നിരവധി രാജ്യങ്ങളില്‍ കോവിഡ് പടരുന്നുണ്ടെന്നതുമൊക്കെ ഇത്തരക്കാര്‍ മുഖവിലക്കെടുക്കുന്നുപോലുമില്ല.
വ്യാജ പ്രചാരണം വര്‍ധിച്ച് ഒടുവില്‍ 5ജിക്കുവേണ്ടി ഫൈബര്‍ ഒപ്ടിക്ക് കേബിളുകള്‍ ഇടുന്ന തൊഴിലാളികളെ ആക്രമിക്കുന്ന സംഭവങ്ങളിലേക്ക് വരെ കാര്യങ്ങളെത്തി. യു.കെയിലെ Uckfield FMന് ഈ വ്യാജ വിവരം പ്രചരിപ്പിച്ചതിന്റെ പേരില്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. സ്വയം നേഴ്സ് എന്ന് പരിചയപ്പെടുത്തി ഈ എഫ്എമ്മില്‍ അതിഥിയായെത്തിയ ആള് പറഞ്ഞത് 5ജിയാണ് ജനങ്ങളുടെ ശ്വാസകോശങ്ങളില്‍ നിന്നും ഓക്സിജന്‍ വലിച്ചെടുക്കുന്നതെന്നാണ്.
ഈ മണ്ടത്തരത്തെ പലരും തമാശയായി ട്വിറ്ററിലൂടെയും മറ്റും ഷെയറ് ചെയ്യുകയും ചെയ്തു. അത് ഫലത്തില്‍ ഈ വ്യാജ പ്രചാരത്തിന് കൂടുതല്‍ ആളുകളിലെത്താന്‍ സഹായിക്കുകയാണ് ചെയ്തത്. ബർമിങ്ങാം, ലിവർപൂൾ, മെർസിസൈഡിലെ മെല്ലിങ് എന്നിവിടങ്ങളിലെ ടവറുകളാണു തീയിട്ടത്