മലപ്പുറം കീഴാറ്റൂര്‍ സ്വദേശി വീരാന്‍കുട്ടിയുടേത് കോവിഡ് മരണമല്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന്റെ മൂന്ന് പരിശോധനാഫലങ്ങളും നെഗറ്റീവായിരുന്നു, ഇദ്ദേഹത്തിന് നിരവധി രോഗങ്ങളുണ്ടായിരുന്നു. കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് സംസ്കാരം നടത്തേണ്ട കാര്യമില്ലെന്നും ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിച്ച് സംസ്കാരം നടത്താന്‍ അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഇന്ന് രാവിലെയാണ് മലപ്പുറം കീഴാറ്റൂര്‍ കരിയമാട് സ്വദേശി വീരാന്‍കുട്ടി മരിച്ചത്. ഏറെക്കാലമായി ഹൃദയസംബന്ധമായ അസുഖങ്ങളുള്ളയാളാണ് മരിച്ച വീരാന്‍കുട്ടി. ഇദ്ദേഹത്തിന്റെ ആരോഗ്യനില ഏറെക്കുറെ സാധാരണ നിലയിലേക്ക് മടങ്ങുന്നതിനിടെയാണ് മരണം സംഭവിച്ചത്. മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ഇയാള്‍ക്ക് ഹൃദയാഘാതമുണ്ടായിരുന്നു. ഒരാഴ്ച മുമ്പ് കോവിഡ് പരിശോധനാ ഫലം നെഗറ്റീവായെങ്കിലും വൃക്ക രോഗമടക്കമുള്ള അസുഖങ്ങളുള്ളതിനാല്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തില്‍ തുടരുകയായിരുന്നു.
ഏപ്രില്‍ രണ്ടിനാണ് വീരാന്‍ കുട്ടിക്ക് വൈറസ് സ്ഥിരീകരിക്കുന്നത്. എങ്ങനെയാണ് വീരാന്‍കുട്ടിക്ക് വൈറസ് ബാധിച്ചതെന്ന് ഇപ്പോഴും വ്യക്തമല്ല. ഉംറ കഴിഞ്ഞ് തിരിച്ചെത്തിയ മകനില്‍ നിന്നാണ് വൈറസ് ബാധിച്ചതെന്നാണ് കരുതപ്പെട്ടിരുന്നതെങ്കിലും മകന് രോഗമില്ലെന്ന് പിന്നീട് സ്ഥിരീകരിച്ചിരുന്നു.