കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഐപിഎൽ ഏപ്രിൽ 15ലേക്ക് നീട്ടിവെക്കാൻ ഗവേണിംഗ് കമ്മറ്റി തീരുമാനിച്ചത് കഴിഞ്ഞ ദിവസമാണ്. എന്നാൽ അടുത്ത മാസം ടൂർണമെൻ്റ് നടക്കാനുള്ള സാധ്യത ചില കാര്യങ്ങൾ പരിഗണിച്ചാണെന്നാണ് ഇപ്പോൾ ബിസിസിഐ അറിയിക്കുന്നത്.
അടുത്ത മാസം 20 വരെയാണ് ഐപിഎല്ലിനുള്ള ഡെഡ്ലൈൻ എന്ന് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 10നു മുൻപായി ഐപിഎൽ റദ്ദാക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ തീരുമാനം എടുക്കും. 20നെങ്കിലും ടൂർണമെൻ്റ് തുടങ്ങാൻ കഴിയില്ലെങ്കിൽ ഇക്കൊല്ലത്ത ഐപിഎൽ റദ്ദാക്കുമെന്നാണ് സൂചന. രാജ്യത്ത് കൊവിഡ് 19 വ്യാപനം തടയുന്നതിനനുസരിച്ച് മാത്രമേ ഇക്കാര്യത്തിൽ തീരുമാനം പ്രതീക്ഷിക്കേണ്ടതുള്ളൂ.
അതേ സമയം, ഐപിഎൽ നടത്തിയാലും ദൈർഘ്യം കുറക്കുമെന്ന് ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി പറയുന്നു. ഡബിൾ ഹെഡറുകൾ കുറച്ച് ദൈർഘ്യം കൂട്ടി ഐപിഎൽ നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ, കൊവിഡ് 19 നെ തുടർന്ന് വൈകി ടൂർണമെൻ്റ് ആരംഭിച്ചാൽ നിലവിലെ ഷെഡ്യൂൾ പ്രകാരം ഐപിഎൽ നടത്തുന്നത് പ്രായോഗികമാവില്ല. അത് രാജ്യാന്തര ക്രിക്കറ്റ് കലണ്ടറിനെ ബാധിക്കും. അതുകൊണ്ട് തന്നെ ടൂർണമെൻ്റിൻ്റെ ദൈർഘ്യം കുറക്കാൻ സാധ്യതയുണ്ടെന്ന് ഗാംഗുലി അറിയിച്ചു. എന്നാൽ ഇത് എങ്ങനെയാണെന്ന് അദ്ദേഹം അറിയിച്ചിട്ടില്ല. ഡബിൽ ഹെഡറുകൾ വർധിപ്പിക്കുകയോ രണ്ട് ഗ്രൂപ്പുകളാക്കി തിരിക്കുകയോ ചെയ്ത് ടൂർണമെൻ്റ് നടത്താൻ സാധ്യതയുണ്ടെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ജനങ്ങൾ ഒരുമിച്ച് കൂടുന്ന ഒരു കായിക മത്സരവും നടത്തരുതെന്നും നടത്തുന്ന മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയത്തിൽ ആവണമെന്നും കായിക മന്ത്രാലയം രാജ്യത്തെ സ്പോർട്സ് ഫെഡറേഷനുകൾക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഐപിഎൽ മാറ്റിവെക്കാൻ തീരുമാനം എടുത്തത്.