രാജ്യത്ത് കൊവിഡ് 19 ബാധിതരുടെ എണ്ണം 120 ആയി. മഹാരാഷ്ട്രയിൽ അതിവേഗം വൈറസ് ബാധ പടരുകയാണ്. 40 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ആരോഗ്യ മന്ത്രി ഹർഷവർധന്റെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. ഇറാനിൽ കുടുങ്ങിയ 53 പേരെ ഇന്ത്യയിൽ തിരിച്ചെത്തിച്ചു.
രാജ്യത്ത് 15 സംസ്ഥാനങ്ങളിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലാണ് ഏറ്റവും അധികം പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. വൈറസ് ബാധ അതിവേഗം പടരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. മുംബൈ ,പൂനെ, നാഗ്പൂർ തുടങ്ങിയ നഗരങ്ങളിൽ സർക്കാർ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വൈറസ് വ്യാപനം തടയാൻ രാജ്യത്ത് നിയന്ത്രണങ്ങൾ തുടരുന്നതിനിടെയാണ് ഒഡീഷയിൽ ആദ്യ കൊവിഡ് 19 സ്ഥിരീകരിക്കുന്നത്.
രോഗബാധിതൻ നിലവിൽ ഭുവനേശ്വറിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇറ്റലിയിൽ നിന്ന് തിരിച്ചെത്തിയ ഇയാൾ ഡൽഹിയിൽ നിന്ന് ഭുവനേശ്വറിലേക്ക് ട്രെയിനിൽ യാത്ര ചെയ്തിരുന്നു.പാർലമെന്റിൽ തെർമൽ പരിശോധനയ്ക്ക് ശേഷമാണ് ജീവനക്കാരെ പ്രവേശിപ്പിക്കുന്നത്. രോഗം പടരുന്ന സാഹചര്യത്തിൽ ആരോഗ്യ മന്ത്രി ഹർഷവർദ്ധന്റെ അധ്യക്ഷതയിൽ വിദേശ വ്യോമകാര്യ മന്ത്രിമാർ ഉൾപ്പെടെ ഉന്നതതല യോഗം ചേർന്നു സ്ഥിതിഗതികൾ വിലയിരുത്തി. കൊവിഡ് 19 ബാധിച്ച് മരിച്ചാൽ ബന്ധുക്കൾക്ക് നാല് ലക്ഷം രൂപ നഷ്ടപരിഹാരം ബീഹാർ സർക്കാർ പ്രഖ്യാപിച്ചു.
മധ്യപ്രദേശ് നിയമസഭ 26വരെയും, ഛത്തിസ്ഗഡ് നിയമസഭാ 25 വരെയും സമ്മേളനം നിർത്തിവെച്ചു. അടിയന്തര കേസുകൾ ഒഴികെയുള്ളവ പരിഗണിക്കുന്നത് ബീഹാർ ഹൈക്കോടതി താത്കാലികമായി നിർത്തിവച്ചു. കൊറോണ പടർന്നുപിടിക്കുന്ന ഇറാനിൽ കുടുങ്ങിയ 53 പേരെ ഇന്ന് രാവിലെ രാജ്യത്ത് തിരിച്ചെത്തിച്ചു. നിരീക്ഷണത്തിനായി ജെയ്സൽമീറിലെ സൈനിക ക്യാമ്പിലേക്ക് മാറ്റി.