ഇന്ത്യക്കു പിന്നാലെ ടിക്ടോക്ക് ഉള്‍പ്പെടെയുള്ള ചൈനീസ് മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷനുകള്‍ വിലക്കാനൊരുങ്ങി അമേരിക്കയും. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ആണ് ഫോക്സ് ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ ഇക്കാര്യം അറിയിച്ചത്. ഈ നിര്‍ദേശം പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്പില് എത്തിയിട്ടില്ല. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് ഞങ്ങള്‍ ഗൗരവമായി ചിന്തിക്കുകയാണ്. ഉപഭോക്താക്കളുടെ വിവരങ്ങള്‍ ടിക്ടോക്ക് കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് അധികൃതര്‍ ആശങ്ക അറിയിച്ചിരുന്നുവെന്നും മൈക്ക് പോംപിയോ പറഞ്ഞു.
യു.എസ് സുരക്ഷാ ഉപദേഷ്ടാവായ റോബര്‍ട്ട് ഒബ്രിയേനും ചൈനീസ് ആപ്പുകള്‍ക്കെതിരെ വിമര്‍ശനവുമായി വരികയുണ്ടായി. സ്വന്തം ആവശ്യങ്ങള്‍ക്കായി ടിക്ടോക്കിനെ ചൈന ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. 40 ദശലക്ഷത്തിലധികം അമേരിക്കന്‍ ഉപയോക്താക്കളാണ് ടിക്ടോക്കിനുള്ളത്.
കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് അമേരിക്ക ചൈനയ്ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെ ഹോങ്കോംഗിലെ ചൈനയുടെ ഇടപെടലിലും അമേരിക്കയ്ക്ക് കടുത്ത അതൃപ്തിയുണ്ട്.
അതിര്‍ത്തി സംഘര്‍ഷത്തെ തുടര്‍ന്ന് പ്രതികരണമെന്ന നിലയിലാണ് 59 ചൈനീസ് ആപ്ലിക്കേഷനുകള്‍ ഇന്ത്യ നിരോധിച്ചത്. ഇന്ത്യയുടെ പരമാധികാരത്തിനും ജനങ്ങളുടെ സ്വകാര്യതയ്ക്കും ഗുണകരമല്ലെന്ന വിശദീകരണത്തോടെയായിരുന്നു നിരോധനം.